ആലുവ: സമരം നടത്തിയതിന് അറസ്റ്റിലായവർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദകുറ്റം ആരോപിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
സി.പി.ഐ നേതാക്കളായ ഡി. രാജയും ആനി രാജയും നേരത്തെ ചൂണ്ടിക്കാട്ടിയത് പോലുള്ള അദൃശ്യ ഇടപെടലുകൾ പൊലീസ് സേനയിൽ നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആലുവ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ അൻവർ സാദത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ ഫോൺവിവരങ്ങൾ പരിശോധിക്കുകയും സംഭവദിവസം പൊലീസ് സ്റ്റേഷനിൽ ആരൊക്കെ സന്ദർശിച്ചുവെന്നും അന്വേഷിക്കണം. തീവ്രവാദബന്ധം ആരോപിക്കപ്പെട്ടവരുടെ ഭാവി ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുന്ന റിമാൻഡ് റിപ്പോർട്ടിലെ ഈ പരാമർശങ്ങൾ നീക്കംചെയ്യണം. സമരവുമായി ബന്ധപ്പെട്ടുള്ള മറ്റ് കള്ളക്കേസുകളും റദ്ദാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.