photo
വൈപ്പിൻ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഡി എൽ പി ബോർഡ് പദ്ധതി ചെറായി ബീച്ച് ജംഗ്ഷന് സമീപം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: റോഡ് പരിപാലന കാലാവധി (ഡി.എൽ.പി) ബോർഡുകൾ പ്രദർശിപ്പിക്കുന്ന പദ്ധതിക്ക് വൈപ്പിൻ നിയോജകമണ്ഡലത്തിൽ തുടക്കം. വൈപ്പിൻ പള്ളിപ്പുറം പാരലൽ റോഡിൽ ചെറായി ബീച്ച് ജംഗ്ഷന് സമീപം ഡി.എൽ.പി ബോർഡ് അനാവരണം ചെയ്ത് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു.

ജനങ്ങൾ റോഡുകളുടെ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന പൊതുമരാമത്ത് വകുപ്പിന്റെ കാഴ്ചപ്പാടിലൂന്നിയ പദ്ധതി നിശ്ചിത കാലത്തേക്ക് പൊതുമരാമത്ത് പദ്ധതികളുടെ പരിപാലനം ജനകീയമായി ഉറപ്പാക്കാൻ അവസരമൊരുക്കുമെന്ന് എം.എൽ.എ. പറഞ്ഞു. റോഡുകളുടെ പരിപാലനത്തിൽ കരാറുകാർക്ക് ഉത്തരവാദിത്വമുള്ള നിശ്ചിതകാലയളവ് കണക്കാക്കിയിട്ടുണ്ട്. ഡി.എൽ.പി എന്ന ഇക്കാലയളവിൽ എന്തെങ്കിലും തകരാറുണ്ടായാൽ പരിഹരിക്കേണ്ട ബാദ്ധ്യത പ്രവൃത്തി ഏറ്റെടുത്തവർക്കാണ്.
ഡി.എൽ.പിയിൽ ഉൾപ്പെട്ട റോഡുകളുടെ പരിപാലനം സംബന്ധിച്ച് അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് അറിയാനും പരാതികൾ അറിയിക്കാനും ബോർഡ് ഉതകും. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരുടെ പേരും ഫോൺനമ്പറും ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്റെ നമ്പറും ബോർഡിൽ നിന്നറിയാം. ഡി.എൽ.പി മേഖലയിലെ റോഡിൽ കുഴികളോ മറ്റോ കണ്ടാൽ അപ്പോൾത്തന്നെ ബന്ധപ്പെട്ട കരാറുകാരേയും ഉദ്യോഗസ്ഥരേയും ജനങ്ങൾക്ക് അറിയിക്കാനാകും. കരാറുകാർക്കും ഉദ്യോഗസ്ഥർക്കും യഥാസമയം വിവരം അറിയാനുമാകും. ജനപ്രതിനിധികൾക്കും ആ മേഖലയിൽ ഇടപെടാൻ ബോർഡ് സംവിധാനം ഉപകരിക്കും.
പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, വൈസ് പ്രസിഡന്റ് എ. എൻ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് ഞാറക്കൽ നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനിയർ ബിന്ദു കെ. ദിവാകരൻ പദ്ധതി വിശദീകരിച്ചു.