ആലുവ: മോദി പൊലീസിനെ അനുകരിക്കുന്ന പിണറായി സർക്കാരിനെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച പ്രൊട്ടസ്റ്റ് സ്‌ക്വയർ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് മുഖ്യപ്രഭാഷണം നടത്തി.
സമരംചെയ്ത വിദ്യാർത്ഥി നേതാക്കളെ തിരഞ്ഞുപിടിച്ച് തീവ്രവാദികളെന്ന് മുദ്രകുത്തുന്ന പിണറായി പൊലീസിന്റെ സംഘപരിവാർ ശൈലിക്കെതിരെയും ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം സംഘപരിവാറിൽ നിന്ന് സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. തീവ്രവാദ പരാമർശമുള്ള റിമാൻഡ് റിപ്പോർട്ട് കത്തിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, പി.എച്ച്. അസ്ലം, മാത്യു കെ. ജോൺ, പി ബി സുനീർ, ഭാഗ്യനാഥ് എസ്. നായർ, സഫൽ വലിയവീടൻ, മിവാ ജോളി, ഫസ്‌ന യൂസുഫ്, ലിന്റോ പി ആന്റോ, ഹസീം ഖാലിദ്, തോപ്പിൽ അബു, ജി. മാധവൻകുട്ടി, ലത്തീഫ് പുഴിത്തറ തുടങ്ങിയവർ സംസാരിച്ചു.