jonish-
ജോനിഷ്

പറവൂർ: അക്രമകേസിൽ കോടതി വെറുതെവിട്ടതിന്റെ വിരോധത്തിൽ യുവാവിനെ മർദ്ദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. മൂത്തകുന്നം തുരുത്തിപ്പുറം ഒളിപറമ്പിൽ വീട്ടിൽ ജോനിഷ് (36), വടക്കേക്കര കുഞ്ഞിത്തൈ കിഴക്കിനിപ്പുര വീട്ടിൽ ജിജിൻ (35), കുഞ്ഞിത്തൈ കപ്പുങ്കൽ വീട്ടിൽ മിഥുൻ (32), കുഞ്ഞിത്തൈ തൊഴുത്തിപ്പറമ്പിൽ വീട്ടിൽ ദിൽക്കുഷ് (33) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കുഞ്ഞിത്തെ വാക്കപ്പറമ്പിൽ സുനിൽകുമാറി​നാണ് (30) തിങ്കളാഴ്ച വൈകിട്ട് മുനമ്പം കവലയിൽവെച്ച് മർദ്ദനമേറ്റത്. പ്രതികളുടെ സുഹൃത്തിനെ അക്രമിച്ച കേസിലാണ് സുനിൽകുമാറിനെ കോടതി വെറുതേവിട്ടത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ വടക്കേക്കര സബ് ഇൻസ്പെക്ടർ എൻ. സുരേന്ദ്രൻപിള്ള, എ.എസ്.ഐമാരായ പി.കെ. ഹരി, ടി.കെ. സുധി, സി.പി.ഒ കെ.എസ്. രാഹുൽ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.