തൃക്കാക്കര: കിണറ്റിൽ വീണ പശുവിന് ഫയർഫോഴ്‌സ് രക്ഷകരായി. കാക്കനാട് മാവേലിപുരം വാർഡിൽ മാണികുളങ്ങര വീട്ടിൽ ലെനിന്റെ മൂന്ന് വയസ് പ്രായമുള്ള പശുവിനെയാണ് കൗൺസിലർമാരുടെയും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഇരുപതടി താഴ്ചയുള്ള കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. കയർ അഴിഞ്ഞുപോയ പശു സമീപത്തെ കൈലാസന്റെ കിണറ്റിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. കൗൺസിലർമാരായ ഉണ്ണി കാക്കനാട്, സി.സി വിജു, പ്രദേശവാസികളായ ശ്രീകുമാർ, പ്രസാദ്, ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ സി.എ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.