star
അറുപതടി ഉയരത്തിലെ വിസ്മയ ക്രിസ്മസ് നക്ഷത്രം

മൂവാറ്റുപുഴ: എം.സി റോഡരികിലുള്ള തൃക്കളത്തൂർ സെന്റ് ജോർജ് പള്ളിയിലെ വിസ്മയനക്ഷത്രം കാണികൾക്ക് വിസ്മയമാകുന്നു. ഉയരം 60 അടി, വീതി 40 അടി, ഉള്ളിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങളുടെ ഭാഗമായി അൻപതോളം എൽ.ഇ.ഡി ലൈറ്റുകൾ. ക്രിസ്‌മസിന്റെ വരവറിയിച്ച് എല്ലാ കൊല്ലവും സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ കൂറ്റൻ നക്ഷത്രങ്ങൾ ഒരുക്കാറുണ്ട്. കഴിഞ്ഞവർഷം 42 അടിയായിരുന്നു നക്ഷത്രത്തിന്റെ ഉയരം. എന്നാൽ ഇക്കൊല്ലം അത് 60 അടിയായി ഉയർത്തുകയായിരുന്നു.

പള്ളിയിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിലാണ് നക്ഷത്രം ഒരുക്കിയത്. 300 മീറ്റർ തുണിയാണ് ഉപയോഗിച്ചത്. 12 അടയ്ക്കാമരം കൊണ്ടാണ് നക്ഷത്രത്തിന്റെ ഫ്രെയിം നിർമിച്ചത്. ഇതിൽ വെള്ളത്തുണി കൊണ്ട് മൂടുകയായിരുന്നു.12 ദിവസം കൊണ്ടാണ് നക്ഷത്രം നിർമിച്ചത്. ചെറുനക്ഷത്രങ്ങൾക്കിടയിൽ അതിഭീമൻ നക്ഷത്രം തെളിയുമ്പോൾ രാത്രിയിൽ എംസി റോഡിലൂടെ പോകുന്നവരെല്ലാം കുറച്ചുനേരം നോക്കിനിന്നുപോകും. ഇരുപത്തയ്യായിരം രൂപയോളം ചെലവഴിച്ചാണ് നക്ഷത്രം പൂർത്തിയാക്കിയതെന്ന് യൂത്ത് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ക്രെയിൻ ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിലാണ് പള്ളിക്കുമുമ്പിലായി നക്ഷത്രം തൂക്കിയത്.