okl
ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ഏഴാം ഘട്ട നെൽകൃഷി വിളവെടുപ്പ് കുന്നത്തുനാട് അസി. രജിസ്ട്രാർ കെ. സുനിൽ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൃഷി നടത്തി വിളവെടുക്കൽ മാത്രമല്ല. അത് വ്യത്യസ്ത ഉത്പന്നങ്ങളാക്കി വിപണനം നടത്തിവരുന്നത് ശ്രദ്ധേയമാകുന്നു. കഴിഞ്ഞദിവസം 25 ഏക്കർ സ്ഥലത്ത് നടത്തിവരുന്ന ഏഴാംഘട്ട ജൈവനെൽക്കൃഷിയുടെ വിളവെടുപ്പും നടത്തി. കുന്നത്തുനാട് അസി. രജിസ്ട്രാർ കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ഒക്കൽ കരികുളം- ഓഞ്ഞിലി പാടശേഖരത്താണ് കൃഷിചെയ്യുന്നത്. വിളവെടുക്കുന്ന നെല്ല് ഉപയോഗിച്ച് ഓസ്കോ എന്ന ബ്രാൻഡിൽ തവിട് നിലനിർത്തിയ അരി, അവൽ, അപ്പംപൊടി, പുട്ടുപൊടി, ഉണക്കലരി എന്നിവ നിർമ്മിച്ച് ബാങ്കിന്റെ ജൈവകലവറ, കോ-ഓപ്പറേറ്റീവ് മാർട്ട്, മറ്റ് സഹകരണ സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവവഴി വില്പനനടത്തി വരികയാണ്. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ഭരണസമിതി അംഗങ്ങളായ പി.എം. ജിനീഷ്, ടി.പി. ഷിബു, ജോളി സാബു, അസി. സെക്രട്ടറി മീന വർഗീസ്, ബാങ്ക് കൃഷി ഓഫീസർ അഭിജിത് ഇ.ജെ തുടങ്ങിയവർ പങ്കെടുത്തു.