shameer
ഷമീർ

തൃക്കാക്കര: മോഡലിനെ ഹോട്ടലിൽ രണ്ടു ദിവസം തടവിൽപാർപ്പിച്ച് കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതി പള്ളുരുത്തി സ്വദേശി ചിറക്കൽ വീട്ടിൽ ഷമീറി (46)നെ തൃക്കാക്കര അസി. കമ്മിഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ ആലുവയിൽ നിന്ന് പിടികൂടി. ഫോട്ടോ ഷൂട്ടിനായി കഴിഞ്ഞ 28-ാം തീയതി കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിനിയെ കാക്കനാട് ഇടച്ചിറയിലെ ക്രിസ്റ്റീന റെസിഡൻസിയിൽ വച്ച് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി മൂന്നു പേർ കൂട്ടമാനഭംഗം ചെയ്തെന്നാണ് കേസ്. ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തു. നാലു പ്രതികളിൽ പ്രധാന പ്രതി അജ്മൽ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. ഇടുക്കി പ്രദേശത്ത് ഒളിവിൽ താമസിക്കുകയായിരുന്ന ഷമീർ സുഹൃത്തിനെ കാണാൻ ആലുവയിൽ എത്തിയപ്പോഴാണ് പിടികൂടിയത്. ഓൺലൈൻ തിരിച്ചറിയൽ പരേഡിൽ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. കേസിൽ പ്രതിയായ ഹോട്ടൽ ഉടമ ക്രിസ്റ്റീന മുൻ‌കൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചു. ഇൻഫോപാർക്ക് സി.ഐ സന്തോഷ് ടി.ആർ, അമ്പലമേട് എസ്.ഐ തോമസ്, ഹിൽ പാലസ് എസ്.ഐ അനില, എ.എസ്,ഐ ബിജു, സീനിയർ സി.പി.ഒ മുരളീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.