
കൊച്ചി: ഉദ്യോഗസ്ഥർ കണ്ണടച്ചപ്പോൾ കോർപ്പറേഷനിലെ കണ്ണായ സ്ഥലങ്ങളിൽ കൈയേറ്റം തകൃതി. നഗരഹൃദയത്തിലെ കണ്ണായ സ്ഥലവും കൈയേറ്റക്കാർ വെറുതെ വിട്ടില്ല. കച്ചേരിപ്പടിയിൽ നിന്ന് ചിറ്റൂരിലേക്ക് തിരിയുന്ന ജംഗ്ഷനിലെ കോർപ്പറേഷൻ സ്ഥലത്താണ് കൈയേറ്റം. 80 സെന്റ് സ്ഥലവും മൂന്ന് നില കെട്ടിടവുമാണ് ഇവിടെ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളത്. മതിലു പൊളിച്ചും പുതിയതു പണിതുമാണ് തൊട്ടടുത്തുള്ള താമസക്കാർ കാലങ്ങളായി കൈയേറ്റം നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് അറിവുണ്ടായിട്ടും സ്ഥലം അളന്നുതിട്ടപ്പെടുത്താനോ മതിലുകെട്ടി സംരക്ഷിക്കാനോ അധികൃതർ ശ്രമിച്ചില്ല. എന്നാൽ അതിനെല്ലാം മാറ്റം വരുത്താനാണ് നിലവിലെ ഭരണസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഹെൽത്ത്, എൻജിനീയറിംഗ്, ടൗൺപ്ളാനിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് അധികം വൈകാതെ മേയർക്ക് കൈമാറും.
കോർപ്പറേഷൻ ഏജൻസിയായ സി.ഹെഡ് എന്ന സ്ഥാപനമാണ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്നത്. എൻജിനീയറിംഗ്, ടൗൺ പ്ളാനിംഗ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട മികവുറ്റ പുസ്തകങ്ങളുള്ള ലൈബ്രറി കെട്ടിടത്തിലുണ്ട്. രണ്ടാം നിലയിൽ കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തിലെ ജീവനക്കാരാണ് താമസം. മെട്രോ നിർമ്മാണത്തിനായി നോർത്തിലെ സർക്കാർ ക്വാർട്ടേഴ്സുകൾ പൊളിച്ചതിനെ തുടർന്നാണ് ഏതാനും ജീവനക്കാർക്ക് താത്കാലികമായി താമസിക്കാൻ അനുമതി നൽകിയത്. അധികൃതർക്ക് തലവേദനയായി മൂന്ന് അനധികൃത വാടകക്കാരും ഇവിടെ തുടരുന്നു.
ഫയലുണ്ട്, പദ്ധതിയില്ല
നഗരഹൃദയത്തിലെ കണ്ണായ സ്ഥലവും കെട്ടിടവും നാളുകളായി വെറുതെ കിടക്കുന്നതിലൂടെ കോർപ്പറേഷന് കോടികളുടെ വരുമാനമാണ് നഷ്‌ടപ്പെടുന്നത്. ഇവിടെ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രമാക്കാനായിരുന്നു മുൻ യു.ഡി.എഫ് ഭരണസമിതിയുടെ തീരുമാനം. എന്നാൽ അത് ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങി.
ജനകീയ ലോഡ്‌ജിൽ തുടക്കം
1980 കളിൽ മുൻ ജി.സി.ഡി.എ ചെയർമാൻ കെ. ബാലചന്ദ്രൻ മേയറായിരുന്ന കാലത്താണ് കൊച്ചിയിലെത്തുന്ന സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ താമസിക്കുന്നതിനായി ജനത ലോഡ്‌ജ് എന്ന പേരിൽ ഇവിടെ മൂന്നുനില കെട്ടിടം നിർമ്മിച്ചത്. അന്ന് ഒരു വർഷമായിരുന്നു ഭരണസമിതിയുടെ കാലാവധി. ഇടക്കാലത്ത് കളക്ടർ ഭരണം ഏറ്റെടുത്തു. ഈ സമയത്ത് ലോഡ്‌ജിന്റെ നടത്തിപ്പിനായി പുതിയ ടെൻഡർ വിളിച്ചു. സ്വകാര്യ വ്യക്തി ഉഷ ലോഡ്‌ജ് എന്ന പേരിൽ പുതിയ സംരംഭം തുടങ്ങി. പിന്നീട് 88 ൽ അധികാരത്തിൽ തിരിച്ചെത്തിയ എൽ.ഡി.എഫ് ഏറെ നിയമപോരാട്ടങ്ങൾക്ക് ശേഷം കെട്ടിടം തിരിച്ചുപിടിച്ചു. കേരളത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംരംഭമായ സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് തുടങ്ങിയ സ്ഥാപനങ്ങൾ മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നു
വരുമാനമാണ് ലക്ഷ്യം
കച്ചേരിപ്പടിയിൽ വാണിജ്യസമുച്ചയം നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. വാടകയിലൂടെ കോർപ്പറേഷന് വരുമാനം നേടുകയാണ് പ്രധാന ലക്ഷ്യം.
എം. അനിൽകുമാർ
കൊച്ചി മേയർ