പറവൂർ: പരമ്പരാഗത വ്യവസായമായ കൈത്തറിയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് സർക്കാർ പത്തുവർഷം മുമ്പ് രൂപം നൽകിയ ‘കൈത്തറി ഗ്രാമം’ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് സി.പി.എം ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിക്കായി സർക്കാർ ആറുകോടിരൂപ അനുവദിച്ചിട്ടുണ്ട്. കൈത്തറിയുടെ കേന്ദ്രമായ ചേന്ദമംഗലത്ത് യാൺ സൊസൈറ്റിയുടെ ഒന്നരഏക്കർ സ്ഥലംവാങ്ങിയെങ്കിലും ചില സാങ്കേതിക തടസങ്ങളാൽ നടപ്പായില്ല. പദ്ധതി നടപ്പാക്കി കേരള കൈത്തറി മ്യൂസിയം, ഡിസൈൻ സെന്റർ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഉത്പാദന, പ്രദർശന കേന്ദ്രങ്ങൾ, ശില്പപ്രദർശനം, നെയ്ത്ത് തൊഴിലാളികൾക്കുള്ള പരിശീലനകേന്ദ്രം എന്നിവ ആരംഭിച്ചാൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകും. പരമ്പരാഗതത്തനിമ നിലനിർത്തി ആധുനികവത്കരണത്തിന്റെ ചുവടുപിടിച്ച് കൈത്തറി മേഖലയിൽ പുതിയ ഉത്പാദനരീതി ആവിഷ്കരിക്കാനും അതിലൂടെ കൈത്തറി ഉത്പന്നങ്ങളുടെ മാറ്റത്തിനും ഇത് വഴിയൊരുക്കും. താലൂക്കിലെ കൈത്തറി മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നാവശപ്പെട് വ്യവസായമന്ത്രി പി. രാജീവിന് ഏരിയാ സെക്രട്ടറി ടി.ആർ. ബോസ്, താലൂക്ക് നെയ്ത്തു തൊഴിലാളി യൂണിയൻ സെക്രട്ടറി ടി.എസ്. ബേബി എന്നിവർ ചേർന്ന് നിവേദനം നൽകി.