കിഴക്കമ്പലം: അറക്കപ്പടി ജയഭാരത് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽവർക്ക് വിഭാഗത്തിന്റെയും മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ വെങ്ങോല പഞ്ചായത്തിലെ പട്ടികജാതി, ആദിവാസി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി സൗജന്യ ദന്തചികിത്സാ ക്യാമ്പും ഇരുനൂറ് കുടുംബങ്ങൾക്ക് ആരോഗ്യക്കിറ്റ് വിതരണവും നടത്തി. കുന്നത്തുനാട് തഹസിൽദാർ വിനോദ്‌രാജ് ഉദ്ഘാടനം ചെയ്തു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം അനു പത്രോസ്, രേഷ്മ അരുൺ, ജയ്ഭാരത് കോളേജ് ചെയർമാൻ എ.എം. കരീം, പ്രിൻസിപ്പൽ ഡോ. കെ.എ. മാത്യു, ഡോ.നവമി അശോക്, കമ്മ്യൂണിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ ജോമോൻ, സോഷ്യൽവർക്ക് വിഭാഗം മേധാവി പ്രൊഫ. ദീപ്തിരാജ്, പട്ടികവർഗ വിഭാഗം ഊരുമൂപ്പൻ കെ.കെ. അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് 3 മാസത്തെ സൗജന്യചികിത്സയും നൽകും.