കൊച്ചി: മണ്ണുത്തി - ഇടപ്പള്ളി ദേശയപാതയിലെ പാലിയേക്കര ടോൾ പിരിവിന്റെ കാലാവധി 2028 വരെ നീട്ടി നൽകിയതു നിയമപരമാണെന്നും ഫെറികൾ, പാലങ്ങൾ, റോഡുകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ലെവി പിരിക്കാൻ ദേശീയപാത നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ടോളിന്റെ കാലാവധി നീട്ടിയതിനെതിരെ കെ.പി.സി.സി സെക്രട്ടറി ഷാജി. ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് ദേശീയപാത അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടർ കെ. ബാലചന്ദർ ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്.

പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണത്തിന് ചെലവായ തുക, പലിശ, കൈകാര്യച്ചെലവ്, നിർമ്മാതാക്കൾക്കുള്ള ന്യായമായ ലാഭം, വാഹനങ്ങളുടെ എണ്ണം തുടങ്ങി നിരവധി വസ്തുതകൾ കണക്കിലെടുത്താണ് ടോൾ നിശ്ചയിക്കുന്നത്. ഇങ്ങനെ ടോൾ നിശ്ചയിച്ചു നടപ്പാക്കാനും ടോൾ പിരിവിനുള്ള കാലാവധി നീട്ടാനും കേന്ദ്ര സർക്കാരിന് നിയമപരമായി അധികാരമുണ്ടെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ടോൾ പിരിവിന്റെ ചുമതല. നിലവിലെ ടോൾ പിരിവിലൂടെ പാത നിർമ്മാണത്തിനു ചെലവായ തുകയും ന്യായമായ ലാഭവും കമ്പനിക്ക് ലഭിച്ചെന്നും കാലാവധിനീട്ടി നൽകുന്നത് കൊള്ള ലാഭമുണ്ടാക്കാൻ കമ്പനിയെ സഹായിക്കാനാണെന്നുമാണ് ഹർജിക്കാരന്റെ വാദം. നേരത്തെ ഈ ആവശ്യമുന്നയിച്ച് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു മടക്കിയിരുന്നു.തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മറുപടി സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച ഹൈക്കോടതി ഹർജി ജനുവരി ആറിലേക്ക് മാറ്റി.