bus
അപകടത്തിൽ തകർന്ന സ്വകാര്യ ബസ്

ആലുവ: നഗരത്തിൽ സ്‌റ്റോപ്പിൽ നിർത്തിയ കെ.എസ് ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യബസിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഇന്നലെ രാവിലെ ഒമ്പതോടെ ആലുവ ബാങ്ക് കവലയിലാണ് അപകടം.

മുപ്പത്തടത്ത് നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ആകാശ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നേരത്തെ കടുങ്ങല്ലുർ നരസിംഹ സ്വാമിക്ഷേത്രത്തിന് മുന്നിലെ പോസ്റ്റിൽ ഈ ബസ് ഇടിച്ചുവെന്ന് യാത്രക്കാർ പറയുന്നു. പരിക്കേറ്റവരെ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ അടുവാശേരി തേറോടത്ത് സുനിലിന്റെ ഭാര്യ ലേഖ (45) പിന്നീട് രാജഗിരി ആശുപത്രിയിൽ ചികിത്സതേടി. മുപ്പത്തടം മുതിരക്കാല സിന്ദു സുദർശനും (45) സാരമായ പരിക്കേറ്റിരുന്നു.

കടുങ്ങല്ലൂർ അമ്പാട്ട് വീട്ടിൽ ശശിധരൻ (62), ഒമ്പതാംക്‌ളാസ് വിദ്യാർത്ഥിനി എരമം കാട്ടിപ്പറമ്പ് ആദില ഫർഹത്ത് (15), മുപ്പത്തടം കാരോത്തുകുന്ന് പ്രമീഷ (34), മക്കളായ ഫാത്തിമ നിഹാല (എട്ട്), ഫാത്തിമ നസ്‌റിൻ (12), കടുങ്ങല്ലൂർ മരുതംമൂട്ടിൽ ദിവ്യ ഷാജി (37), കയന്റിക്കര വലിയമാക്കൽ സൗമിനി (50), കടുങ്ങല്ലൂർ പുതുവൽപ്പറമ്പ് ഹരിത (24), മുപ്പത്തടം പള്ളിപ്പറമ്പിൽ ജെയിൻ യാസ്മിൻ (27), കടുങ്ങല്ലൂർ കുട്ടക്കാട്ട് ശ്രീദേവി (61), പേരക്കുട്ടി ആദിത്യ (12), ഒമ്പതാം ക്ലാസ് വിദ്യാർഥിനി തോട്ടക്കാട്ടുകര ചക്കിയൊത്ത് സോന (15) എന്നിവർക്കും പരിക്കേറ്റു. സ്വകാര്യ ബസ് ഡ്രൈവർ മുപ്പത്തടം ശ്രീഭവനിൽ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു.