കൊച്ചി: പരസ്യരംഗത്ത് നൽകിവരുന്ന പ്രശസ്തമായ പെപ്പർ ക്രിയേറ്റിവ് അവാർഡുകൾ നാളെ കൊച്ചിയിൽ സമ്മാനിക്കും. ഹോട്ടൽ ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ വൈകിട്ട് 6ന് ആരംഭിക്കുന്ന ചടങ്ങിൽ ഇന്ത്യൻ പരസ്യരംഗത്തെ പ്രമുഖനും ഫേമസ് ഇന്നവേഷൻസ് സ്ഥാപകനും ചീഫ് ക്രിയേറ്റിവ് ഓഫീസറുമായ രാജ് കാംബ്ലേ മുഖ്യാതിഥിയാകും.
പരസ്യരംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയതും ഇന്ത്യയിലെ രണ്ടാമത്തേതുമാണ് പെപ്പർ അവാർഡ്. ഏജൻസി ഒഫ് ദി ഇയർ, അഡ്വർടൈസർ ഒഫ് ദ ഇയർ എന്നിവയ്ക്ക് പുറമേ 25 വിഭാഗങ്ങളിലാണ് അവാർഡ് നൽകുക. പരസ്യ ഏജൻസികൾക്കായി ജുവലറി, റിയൽ എസ്റ്റേറ്റ്, ടെക്‌സ്റ്റൈൽ, ഹോസ്പിറ്റാലിറ്റി, ആയുർവേദ, മീഡിയ മേഖലകളിലെ പരസ്യങ്ങൾക്ക് പ്രത്യേക അവാർഡും നൽകും. ബംഗളൂരുവിലെയും ചെന്നൈയിലെയും മികച്ച ഏജൻസികൾക്കായി പ്രത്യേക അവാർഡും സമ്മാനിക്കുമെന്ന് പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ അറിയിച്ചു.

ദക്ഷിണേന്ത്യയിലെ പരസ്യ ഏജൻസികൾ, മീഡിയ, പ്രൊഡക്ഷൻ ഹൗസുകൾ, പ്രിന്റർമാർ, ഫോട്ടോഗ്രാഫർമാർ തുടങ്ങിയവരിൽ നിന്ന് 477 എൻട്രികളാണ് ലഭിച്ചത്. 13 സ്വർണം, 31 വെള്ളി, 40 വെങ്കലം എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്.

ബാംഗ് ഇൻ ദ മിഡ്ൽ സഹസ്ഥാപകനും സി.ഒ.ഒയുമായ പ്രതാപ് സുതൻ, രാജ് കാംബ്ലേ, മുംബയ് ടാപ്പ്‌റൂട്ട് ഡെൻസു സ്ഥാപകനും സി.സി.ഒയുമായ സന്തോഷ് പധി, ഇൻഡിഗോ കൺസൾട്ടിംഗ് മുംബയ് നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ ബർസിൻ മെഹ്‌ത, ഒഗിൽവി സൗത്ത് ഗ്രൂപ്പ് ക്രിയേറ്റിവ് ഡയറക്ടർ ജോർജ് കോവൂർ എന്നിവരാണ് പെപ്പർ അവാർഡ് നിർണ്ണയിച്ചത്.