ആലുവ: ആലുവ പൊലീസ് തുടർച്ചയായി വിവാദത്തിൽപ്പെടുന്നതിന് പിന്നിൽ തൊണ്ടിമുതലായി സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള വിഗ്രഹത്തിന്റെ ദോഷമാണെന്ന് വാദം. സ്റ്റേഷനിലെ ചില പൊലീസുകാരാണ് ഇത് സംബന്ധിച്ച് ആശങ്കപ്പെടുന്നത്.
രണ്ട് പതിറ്റാണ്ട് മുമ്പ് തുരുത്തിലെ ഒരുകാവിൽനിന്ന് കാണാതാവുകയും പിന്നീട് പെരിയാർ തീരത്തുനിന്നും കണ്ടെത്തുകയും ചെയ്ത കരിങ്കൽ വിഗ്രഹമാണിത്. അക്കാലത്ത് കോടതിയിൽ തൊണ്ടിമുതലായി സമർപ്പിച്ചെങ്കിലും സൂക്ഷിക്കാൻ പൊലീസിനെത്തന്നെ കോടതി ഏൽപ്പിച്ചു. പഴയ പൊലീസ് സ്റ്റേഷനിലായിരുന്നപ്പോൾ സുരക്ഷിത സ്ഥലത്തായിരുന്നു സൂക്ഷിച്ചിരുന്നത്. പുതിയ സ്റ്റേഷനിൽ ആയുധപ്പുരയിൽ അലക്ഷ്യമായി ഇട്ടിരിക്കുന്നതാണ് 'പ്രശ്ന'ങ്ങൾക്ക് കാരണമെന്നാണ് ഒരു വിഭാഗം പൊലീസുകാർ പറയുന്നത്.
മോഫിയ പർവീനിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം ആലുവ പൊലീസിനെതിരെ നിരവധി ആരോപണങ്ങളാണുണ്ടായത്. മോഫിയയുടെ മരണത്തിന് പിന്നാലെയുണ്ടായ അനുബന്ധ കേസുകൾക്ക് പുറമെ മറ്റ് പല വിഷയങ്ങളിലും ആലുവ പൊലീസിനെതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
ഇന്നലെ രാവിലെ ആലുവ പാലസിൽനിന്ന് മുഖ്യമന്ത്രിയെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചപ്പോൾ വഴി തെറ്റിയതടക്കമുള്ള പ്രശ്നങ്ങൾ വിഗ്രഹദോഷമാണെന്നാണ് പറയപ്പെടുന്നത്. ആലുവ സ്റ്റേഷനിൽ എസ്.എച്ച്.ഒയായി ചുമതലയേറ്റ സൈജു കെ. പോൾ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ചികിത്സാർത്ഥം മൂന്നാഴ്ചയോളം അവധിയെടുത്തശേഷം തിരിച്ച് കയറി മൂന്നാം ദിവസമാണ് ആലുവയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പല പൊലീസുകാരും ആലുവ സ്റ്റേഷനിൽ നിന്ന് സ്ഥലം മാറാനുള്ള ശ്രമത്തിലാണ്.