കൊച്ചി: വടുതല റെയിൽവേ മേല്പാലം പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠന റിപ്പോർട്ട് ഉടൻ സമർപ്പിക്കും. കാക്കനാട് ഭാരത്‌മാതാ കോളേജിലെ എം.എസ്.ഡബ്ല്യു വിഭാഗത്തിനാണ് ഇതിന്റെ ചുമതല. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. റിപ്പോർട്ട് ഉന്നത വൃത്തങ്ങൾക്ക് സമർപ്പിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലാകും പിന്നീട് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ നടപടികൾ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് സർക്കാർ 2017ൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് 47.5 കോടി രൂപ പാലത്തിനായി അനുവദിച്ചത്. ഷൊർണൂർ--എറണാകുളം പാത ഇരട്ടിപ്പിക്കലിന്റെ പേരിൽ പാലത്തിന്റെ അലൈൻമെന്റ് മാറ്റണമെന്ന് റെയിൽവേ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണം വൈകുന്നത്. പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെയും (ആർ.ബി.ഡി.സി.കെ) റവന്യൂ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കഴിഞ്ഞ മാസം സ്ഥലം വിട്ടുനൽകേണ്ടി വരുന്നവരുടെ പരാതികൾ അറിയാൻ ഹിയറിംഗ് നടത്തിയിരുന്നു.

കണയന്നൂർ താലൂക്കിലെ ചേരാനെല്ലൂർ വില്ലേജിൽ ഉൾപ്പെടുന്ന 00.4292ഹെക്ടർ ഭൂമി ഏറ്റെടുത്ത് നിർമ്മിക്കേണ്ടതാണ് വടുതല റെയിൽവേ മേല്പാലം പദ്ധതി. വടുതല ചിറ്റൂർ പാതയിലാണ് പാലം വരുന്നത്. വടുതല ഗേറ്റ് സൃഷ്ടിക്കുന്ന ഗതാഗത തടസം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. ചിറ്റൂർ, ചേരാനെല്ലൂർ, വരാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതവും ഈ വഴിയൂടെയാണ്.