പള്ളുരുത്തി: വേമ്പനാട്ട് കായലിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. വേമ്പനാട്, പെരുമ്പടപ്പ്, കുമ്പളങ്ങി കായലുകൾ വിസ്തൃതിയും ആഴവും കുറഞ്ഞ് കായലിന്റെ വെള്ളം സംഭരിക്കുവാനുള്ള ശേഷി കുറഞ്ഞിരിക്കുകയാണ്. ഡ്രെഡ്‌ജിംഗ് മാത്രമാണ് ഇതിനു പരിഹാരം. സർക്കാർ മുൻകൈയെടുത്ത് കായലിലെ ചെളി നീക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബസ് സ്റ്റോപ്പ് ജംഗ്ഷനിൽ നടന്ന പ്രതിഷേധം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബെയ്സിൽ മൈലന്തറ അദ്ധ്യക്ഷനായി. വേമ്പനാട്ട് കായലിന്റെ ഭാഗമായ പശ്ചിമ കൊച്ചിയിലെ ഇടക്കൊച്ചി, പള്ളുരുത്തി, പെരുമ്പടപ്പ് കോണം തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥിരമായി വെള്ളം കയറുന്നത് മൂലം പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. കായൽ സംരക്ഷണത്തിനും സംസ്ഥാന ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള 5 കോടി രൂപയുടെ പ്രവൃത്തി നടപ്പിലാക്കുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്ന് കെ.ബാബു പറഞ്ഞു. പ്രതിഷേധത്തിന് എൻ.ആർ.ശ്രീകുമാർ, ജോൺ പഴേരി, ദിപു കുഞ്ഞുകുട്ടി, കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫ്സൽ നമ്പ്യാരത്ത്, കെ.ജെ. റോബർട്ട്, ഇ.എ.അമീൻ, എ.ജെ.ജെയിംസ്, ഷീല ജെറോം, സി.എൽ.ശശീന്ദ്രൻ, ജോസഫ് ആലുങ്കൽ, ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.