കൊച്ചി: യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇ.എസ്.എ)യുടെ ഉപഗ്രഹ ദൗത്യമായ എയോലസിൽ ഗവേഷണ പങ്കാളികളായി കൊച്ചി സർവകലാശാല അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ചിലെ ശാസ്ത്രജ്ഞർ. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഉപഗ്രഹം ബഹിരാകാശത്തു നിന്നും തത്സമയം മൂന്നു മണിക്കൂറിൽ താഴെ മാത്രം സമയം കൊണ്ട് കാറ്റിന്റെ വിവരങ്ങൾ കൈമാറുന്നുണ്ട്. ഇത് കാലാവസ്ഥാ പ്രവചനത്തിനും ഗവേഷണത്തിനും സഹായകമാകുന്നു. എയോലസ് നൽകുന്ന ഇത്തരം വിവരങ്ങൾ വിലയിരുത്തുന്നതിനും സാധൂകരിക്കുന്നതിനും ഗുണമേന്മ വിശകലനം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണ് കുസാറ്റിലെ ഗവേഷകർ. ഡോ. അജിൽ കോട്ടയിൽ, ഡോ. എസ്. അഭിലാഷ്, ഡോ. കെ. സതീശൻ, കെ. പ്രജ്വൽ, എം.വി. ദേവിക എന്നിവരടങ്ങുന്ന സംഘം എയോലസിന്റെ മൂല്യനിർണയത്തിനായി എ.സി.എ.ആർ.ആറിന്റെ 205 മെഗാഹെഡ്‌സ് സ്ട്രാറ്റോസ്‌ഫിയർട്രോപ്പോസ്‌ഫിയർ റഡാറിൽ നിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്തും.