കൊച്ചി: സി.ബി.എസ്.ഇ 10, 12 ക്ളാസുകളിലെ പരീക്ഷകൾ സംബന്ധിച്ച വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ സ്വീകരിച്ച നടപടിയെ നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സ്വാഗതം ചെയ്തു.
ആദ്യ ടേം പരീക്ഷയിലെ പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് മന്ത്രി സി.ബി.എസ്.ഇ ചെയർമാന് നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ സി.ബി.എസ്.ഇ പരിഹരിക്കും. പരീക്ഷ കടുപ്പമായതിൽ കുട്ടികൾ ആശങ്കപ്പെടേണ്ടതില്ല. പരീക്ഷ കഴിഞ്ഞയുടൻ ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെയും സി.ബി.എസ്.ഇ ചെയർമാന്റെയുംശ്രദ്ധയിൽ കൗൺസിൽ കെണ്ടുവന്നിരുന്നതായി കൗൺസിൽ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ അറിയിച്ചു.
കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് ഉദാരമായി മാർക്ക് നൽകുന്നതു മൂലം സി.ബി.എസ്.ഇ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു. ഉന്നതപഠന അവസരങ്ങളിൽ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് ദോഷകരമായി മാറുന്ന സ്ഥിതി അധികൃതരുമായി ചർച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർത്ഥിസമൂഹത്തിന്റെ പൊതുതാല്പര്യം പരിഗണിച്ച് അനുകൂല നിലപാടെടുക്കാൻ തയ്യാറായ മന്ത്രിയെ അഭിനന്ദിക്കുന്നതായി ഡോ. ഇന്ദിര അറിയിച്ചു.