uparodham
കളമശേരി നഗരസഭ ചെയർപേഴ്സൺ സീമാ കണ്ണനെ പ്രതിപക്ഷാംഗങ്ങൾ ഉപരോധിക്കുന്നു

കളമശേരി: നഗരസഭ പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്സൺ സീമ കണ്ണനെ ഉപരോധിച്ചു. മാലിന്യ സംസ്കരണത്തിന്റെ പേരിൽ അഴിമതി ആരോപിച്ചായിരുന്നു ഉപരോധം. കളമശേരി പ്രദേശത്തെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യുന്നതിന് ജെ.സി.ബി, ഹിറ്റാച്ചി, ലോറി എന്നിവ വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ വിളിക്കുന്നതിന് പത്രപരസ്യം നൽകിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞ ദിവസം ടെൻഡർ നോട്ടീസ് വാങ്ങാൻ കരാറുകാർ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതിപക്ഷ കൗൺസിലർമാർ അന്വേഷിച്ചപ്പോൾ മാനുവൽ ടെൻഡർ ആണ് ക്ഷണിച്ചിരിക്കുന്നതെന്നറിഞ്ഞു. ഇതേ തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. എന്നാൽ അടിയന്തര ഘട്ടത്തിൽ ടെൻഡർ വിളിക്കാമെന്നും പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ചെയ പേഴ്സണും ഹെൽത്ത് ചെയർമാൻ എ.കെ.നിഷാദും ഒരു മാദ്ധ്യമത്തിന് അഭിമുഖം കൊടുത്തു. ഇതേ തുടർന്നാണ് അടിയന്തര ഘട്ടം എന്താണെന്ന് ചോദിച്ച് പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്സണെ ഉപരോധിച്ചത്.
അഞ്ച് ലക്ഷത്തിന് മുകളിൽ തുക വരുന്ന എല്ലാ ടെൻഡറുകളും ഇ ടെൻഡർ ചെയ്യണമെന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ് 23 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ടെൻഡർ മാനുവൽ ടെൻഡർ ആയി ക്ഷണിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇ-ടെൻഡർ നടത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.

കൗൺസിലർമാരായ ടി.എ.അസൈനാർ, കെ.കെ.ശശി, കെ.ടി.മനോജ്, സലീം പതുവന, പി.എസ്.ബിജു, റഫീഖ് മരക്കാർ, ബഷീർ അയ്യമ്പ്രാത്ത്, ബിന്ദു മനോഹരൻ, നിഷീദ സലാം, റാണി രാജേഷ്, ഹാജറ ഉസ്മാൻ, അബിളി സ്വപ്നേഷ് തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.