പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ കായലോര പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടും കായലുകളിൽ നിന്ന് ചെളി നീക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയറിൽ നിന്ന് റിപ്പോർട്ട് തേടി. നാലാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ഇടക്കൊച്ചി, പെരുമ്പടപ്പ്, പള്ളുരുത്തി, മുണ്ടംവേലി - തോപ്പുംപടി പ്രദേശത്ത് ശക്തമായ വേലിക്കയറ്റത്തെ തുടർന്നാണ് വെള്ളം കയറുന്നത്. വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സെപ്റ്റിക് ടാങ്കുകളിൽ വേലിയേറ്റ വെള്ളം കയറി ജനങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയുന്നില്ല. ഇടക്കൊച്ചി കായൽ, പെരുമ്പടപ്പ് കായൽ, ചിറക്കര കായൽ എന്നിവിടങ്ങളിൽ ചെളി നീക്കാൻ നടപടിയില്ല. വർഷങ്ങളായി കെട്ടിക്കിടക്കുന്ന ചെളികാരണം കായലുകളിൽ നീരൊഴുക്ക് തടസപ്പെടുന്നു. ചെളി നീക്കാനുള്ള നടപടികൾ ഇറിഗേഷൻ വകുപ്പിന്റെ കടലാസിൽ മാത്രമാണെന്നും പരാതിയിൽ പറയുന്നു. കായലുകളിൽ ചെളിനീക്കം ചെയ്യാനുള്ള ഡ്രഡ്‌ജിംഗ് നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മമണ്യൻ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.