
കോലഞ്ചേരി: പൂതൃക്ക ചാപ്പുരയിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകൻ സി.എൻ.മോഹനന്റെ രക്തത്തിലേയുള്ളതാണ് ഇടത് രാഷ്ട്രീയം. എസ്.എഫ്.ഐയിൽ തുടങ്ങിയ സമരജീവിതമാണ് പാർട്ടിയിൽ സി.എൻ എന്നറിയപ്പെടുന്ന സി.എൻ.മോഹനനെ നേതൃനിരയിലേക്കെത്തിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടി പ്രതിസന്ധിയിലായെങ്കിലും സി.എന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും നേതൃത്വത്തിനുമുള്ള ഉറച്ച വിശ്വാസത്തിന് തെളിവാണ് രണ്ടാമതും കൈവന്ന ജില്ലാ സെക്രട്ടറി പദം.
1994 മുതൽ മൂന്നുവട്ടം തുടച്ചയായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ച സി.എന്നിന്റെ റെക്കാഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. 2000-2005ൽ കോലഞ്ചേരി ഏരിയാ സെക്രട്ടറിയായി. 2012ൽ സംസ്ഥാന കമ്മിറ്റിയിലേക്ക്. 11 വർഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. 2016ൽ ജി.സി.ഡി.എ ചെയർമാനായി.
പി. രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായപ്പോൾ 2018 ജൂൺ 20നാണ് ജില്ലാ സെക്രട്ടറി പദവിയിൽ എത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് നിയമബിരുദവുമെടുത്തു. കുറച്ചുകാലം അഭിഭാഷക വേഷവുമണിഞ്ഞു.
വിഭാഗീയത കത്തി നിൽക്കുന്ന സമയത്ത് സി.ഐ.ടി.യു ഗ്രൂപ്പിന്റെ വക്താവായിരുന്നു. മലപ്പുറം സമ്മേളനത്തിൽ പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായി വന്നപ്പോഴുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിൽ പിണറായിക്കൊപ്പം ഉറച്ച് നിന്നു. എ.പി. വർക്കി ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലാ കമ്മിറ്റിയിലേക്ക് മത്സരിച്ച് തോറ്റിട്ടുണ്ട്.
സി.പി.എം ജില്ലാ കമ്മിറ്റിയംഗമായിരിക്കെ ഭാരത് ബന്ദിന് പുത്തൻകുരിശിൽ പൊലീസിനെ തടഞ്ഞ കേസിൽ കൊടിയ മർദ്ദനമേറ്റു. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ അന്നത്തെ ഏരിയാ സെക്രട്ടറിയായിരുന്ന സി.കെ. വർഗീസിനെയും സി.എന്നിനെയും രണ്ട് ദിവസം തുടർച്ചയായി മർദ്ദിച്ച സംഭവം ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി.
വടവുകോട് ഫാർമേഴ്‌സ് ബാങ്ക് ജീവനക്കാരി കെ.എസ്. വനജയാണ് ഭാര്യ. ചാന്ദ്‌നി, വന്ദന എന്നിവർ മക്കൾ. മരുമകൻ അമൽ ഷാജി. പുത്തൻകുരിശ് ലക്ഷ്മിനാരായണ ഭവനിലാണ് താമസം.