കൊച്ചി: വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയ വകയിൽ കൊച്ചി കോർപ്പറേഷന് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് നൂറു കോടിയിലേറെ രൂപ. സർക്കാർ നൽകിയതാകട്ടെ വെറും 13 കോടി മാത്രം. അതും വർഷങ്ങൾ നീണ്ട നിവേദനങ്ങൾക്ക് ഒടുവിൽ. സംസ്ഥാന സർക്കാരിന്റെ സെൻട്രൽ പെൻഷൻ ഫണ്ടിൽ നിന്നാണ് വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകേണ്ടത്. എന്നാൽ സർക്കാർ ഈ ഫണ്ട് വക മാറ്റി ചെലവഴിക്കുന്നതിനാൽ ജീവനക്കാർക്ക് കൃത്യ സമയത്ത് തുക ലഭിക്കില്ല. ആനുകൂല്യങ്ങൾ ലഭിക്കാൻ ഒരു വർഷം വരെ കാത്തിരിക്കണം. ഒട്ടുമിക്ക പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇതാണ് അവസ്ഥ. എന്നാൽ കൊച്ചി കോർപ്പറേഷനിലാവട്ടെ തനത് ഫണ്ടിൽ നിന്നുള്ള തുക ഈ ആവശ്യത്തിനായി ചെലവഴിക്കും. ഉദ്യാേഗസ്ഥരുടെയും യൂണിയൻകാരുടെയും മൗനാനുവാദത്തോടെയാണ് ഈ പരിപാടി അരങ്ങേറുന്നത്. വർഷങ്ങളായി ഇതു തുടരുകയാണ് . അങ്ങനെയാണ് തുക നൂറു കോടി കവിഞ്ഞത്.
പെൻഷൻ ഫണ്ട് ഇനത്തിൽ കഴിഞ്ഞ മാർച്ച് 31 വരെ കോർപ്പറേഷൻ 99 കോടി ചെലവഴിച്ചതായി മുൻ കൗൺസിലർ സി.കെ. പീറ്റർ വിവരാവകാശപ്രകാരം നടത്തിയ ചോദ്യത്തിന് മറുപടി ലഭിച്ചു.
ഇതിൽ 13 കോടി രൂപ സർക്കാർ രണ്ട് ആഴ്ച മുമ്പ് അനുവദിച്ചുവെങ്കിലും അതിൽ 8 കോടി പൊന്നുരുന്നി ഫ്ളൈ ഓവറിനായി ഭൂമി വിട്ടുകൊടുത്തവർക്ക് നഷ്‌ടപരിഹാരം നൽകാൻ കോർപ്പറേഷൻ ചെലവഴിച്ചു
കരാറുകാരുടെ കുടിശിക നൽകുന്നതിനായി 9 ശതമാനം പലിശയിലാണ് കോർപ്പറേഷൻ ബാങ്കിൽ നിന്ന് വായ്പയെടുത്തിരിക്കുന്നത്
കഴിഞ്ഞ മൂന്നു വർഷത്തെ കുടിശികയായി നൂറു കോടി രൂപ ലഭിക്കാനുണ്ടെന്ന് കരാറുകാർ പറയുന്നു.
ജനോപകാരപ്രദമായ പദ്ധതികൾക്കായി ചെലവഴിക്കാനുള്ള തുകയാണ് പെൻഷൻ വിഹിതം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി മാറ്റി ചെലവഴിക്കുന്നത്. ഇതിന്റെ ഫലമായി വികസനസമിതികളിൽ രൂപംനൽകിയ പദ്ധതികൾക്ക് പോലും ചെലവഴിക്കാൻ ഫണ്ടില്ലാത്ത അവസ്ഥയാണ്. ഇത്തരം പ്രവർത്തനങ്ങൾ ജനകീയാസൂത്രണത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്.
സി.കെ.പീറ്റർ
മുൻ കൗൺസിലർ
പെൻഷൻ ഫണ്ട് കുടിശികയുടെ കാര്യം ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സർക്കാർ ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
മേയർ എം.അനിൽകുമാർ