തൃപ്പൂണിത്തുറ: മെട്രോ റെയിലിനോടൊപ്പം സമാന്തര റോഡിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ട്രുറ വീണ്ടും നിവേദനം നൽകി. എസ്.എൻ ജംഗ്ഷൻ മുതൽ മെട്രോ റെയിലിനോടൊപ്പം 22 മീറ്റർ വീതിയിൽ ഹിൽപാലസ് റോഡുവരെ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രുറ) മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. 22 മീറ്റർ വീതിയിൽ റോഡും എസ്.എൻ ജംഗ്ഷനിലെ റെയിൽവേ ഓവർ ബ്രിഡ്ജിന് സമാന്തരമായി നിലവിലെ ഗതാഗത തടസം ഒഴിവാക്കാൻ മറ്റൊരു പാലവും കൂടി ഉൾപ്പെടുത്തി കൊച്ചി മെട്രോ സർക്കാരിന്റെ അംഗീകാരത്തിനായി പുതിയ പദ്ധതി സമർപ്പിച്ചു. ഈ പദ്ധതിക്ക് കാലതാമസം കൂടാതെ അംഗീകാരം നൽകണമെന്നാണ് ട്രുറയുടെ പുതിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ട്രുറ ചെയർമാൻ വി.പിപ്രസാദും കൺവീനർ വി.സി ജയന്ദ്രനും പറഞ്ഞു. മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് നിവേദനം ഏറ്റുവാങ്ങി. ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ട്രുറ ഭാരവാഹികൾ കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ്‌ ബഹ്റയുമായി രണ്ടാഴ്ച മുമ്പ് നടത്തിയ ചർച്ചയിലാണ് മെട്രോയോടൊപ്പം 22 മീറ്റർ റോഡ് എന്ന ആവശ്യം കെ.എം.ആർ.എൽ അംഗീകരിച്ചത്. തുടർന്ന് റോഡിനും മേൽപ്പാലത്തിനും വേണ്ടി കൊച്ചി മെട്രോ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയായിരുന്നു. ഈ എസ്റ്റിമേറ്റ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.