കൊച്ചി: കലൂർ കതൃക്കടവ് റോഡിൽ വർക്ക്ഷോപ്പിനും വീടിനും തീപിടിച്ചു. ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് സംഭവം. കലൂർ കുരിക്കാട്ടുവീട്ടിൽ ഷൈൻ തോമസിന്റെ ഉടമസ്ഥതയിലുള്ള ഷൈൻ ഇലക്ട്രിക്കൽസിലാണ് തീ പിടിത്തം ഉണ്ടായത്. അഗ്നിബാധയിൽ വലിയ നാശനഷ്ടം ഉണ്ടായതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന ഷൈനിന്റെ സഹോദരൻ സണ്ണി അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തെ തുടർന്നുണ്ടായ പൊട്ടിത്തെറി ശബ്ദം കേട്ട് സണ്ണി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ അഗ്നിരക്ഷ നിലയത്തിലേക്ക് വിവരം അറിയിക്കുകയും ഇവിടെ നിന്ന് സ്റ്റേഷൻ ഓഫീസർ ടി.ബി. രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്ന് യൂണിറ്റും ക്ലബ് റോഡ്, തൃക്കാക്കര എന്നീ അഗ്നിരക്ഷാ നിലയത്തിൽ നിന്നുമുള്ള ഓരോ യൂണിറ്റും എത്തി 20 മിനിറ്റു കൊണ്ട് തീ അണയ്ക്കുകയായിരുന്നു. ഈ സമയം വർക്ക്ഷോപ്പിൽ വാഹനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. നന്നാക്കാനായി എത്തിച്ച കാർ അഗ്നിരക്ഷാ സേന ഈ ഭാഗത്തു നിന്ന് മാറ്റി പാർക്ക് ചെയ്തു. എന്നാൽ വർക്ക്ഷോപ്പിലെ ലക്ഷങ്ങൾ വിലവരുന്ന വൈദ്യുതോപകരണങ്ങളായ എയർ കംപ്രസർ, മാർബിൾ കട്ടർ, ആൻകിൾ ഗ്രൈൻഡർ, കോൺക്രീറ്റ് ബ്രേക്കർ, പ്രെഷർ ക്ലീനർ, മൂന്ന് എൽ.പി.ജി സിലിണ്ടർ എന്നിവ പൂർണമായും കത്തി നശിച്ചു. ഏകദേശം 40 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ അറിയിച്ചു. എന്നാൽ പ്രാഥമിക വിലയിരുത്തലിൽ 2 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ ടി.ബി. രാമകൃഷ്ണൻ അറിയിച്ചു.