road
അപകടങ്ങളും, ഗതാഗതക്കുരുക്കും നിത്യക്കാഴ്ചയായ അത്താണി - ചെങ്ങമനാട് റോഡിലെ പുത്തൻതോട് ഭാഗത്തെ ഗ്യാസ് ഏജൻസീസ് വളവ്.

നെടുമ്പാശേരി: അത്താണി - ചെങ്ങമനാട് റോഡിലെ പുത്തൻതോട്, സീന ഗ്യാസ് വളവുകളിൽ പഴയ സർവേ പ്രകാരം പുറമ്പോക്ക് വീണ്ടെടുത്ത് രണ്ട് മാസത്തിനകം നിർമ്മാണ നടപടി പൂർത്തിയാക്കാൻ ഹൈക്കോടതി കേരള റോഡ് സേഫ്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകി.

കുത്തനെയുള്ള വളവും തിരിവും കുണ്ടും കുഴിയും മൂലം കാലങ്ങളായി നിരവധി മനുഷ്യജീവൻ പൊലിയുകയും നിത്യേന അപകടങ്ങളുണ്ടാവുകയും പരുക്കേറ്റവർ പലരും ദുരിതത്തിലാവുകയും ചെയ്തതോടെ വാർഡ് കോൺഗ്രസ് പ്രസിഡന്റുകൂടിയായ ചെങ്ങമനാട് സ്വദേശി രാജി ആന്റണി തേയ്ക്കാനത്ത് കോടതിയെ സമീപിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ വന്ന് പോകുന്നതടക്കം നിത്യവും 100 കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യവ്യക്തികൾ കൈയേറിയിരുന്നു. തന്മൂലം കാൽ നടയാത്രക്കാരും അപകടത്തിൽപ്പെടുകയാണ്.

പഴയ സർവേ പ്രകാരം പുറമ്പോക്ക് വീണ്ടെടുത്ത് റോഡ് വികസിപ്പിക്കണമെന്ന ആവശ്യം പൊതുമരാമത്ത് വകുപ്പ് അധികൃതർ ചെവികൊണ്ടിട്ടില്ലെന്നും പലവട്ടം സർവേ നടത്തിയെങ്കിലും തത്പരകക്ഷികളെ സംരക്ഷിക്കുന്ന രീതിയായിരുന്നെന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് ദുരന്തങ്ങളുണ്ടാവുമ്പോഴും ജനരോഷം ഉയരും. അധികൃതരെ സമീപിക്കുമ്പോൾ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകാറുണ്ടെങ്കിലും ഇതുവരെ പരിഹാരമുണ്ടാക്കിയിട്ടില്ല. പുത്തൻതോട് വളവിലെ പടിഞ്ഞാറ് ഭാഗത്തെ സ്വകാര്യ ഗ്യാസ് എജൻസി ഓഫീസിന് സമീപമാണ് അപകടങ്ങളിൽ കൂടുതൽ പേർക്കും ജീവഹാനിയുണ്ടായത്.

 അനുവദിച്ചത് 2.5 കോടി

അൻവർ സാദത്ത് എം.എൽ.എയുടെ നിരന്തരമായ ഇടപെടൽമൂലം പുത്തൻതോട് പ്രശ്‌നബാധിത പ്രദേശങ്ങളിൽ ഭൂമി ഏറ്റെടുത്ത് വളവുകൾ നിവർത്തി റോഡ് വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ബഡ്‌ജറ്റിൽ 2.5 കോടി അനുവദിക്കുകയുണ്ടായി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പ്രാരംഭ നടപടികൾ പോലും പൂർത്തിയാക്കിയിട്ടില്ല. പിന്നിട്ട ദിവസങ്ങളിലും അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് രാജി ആന്റണി ഹൈക്കോടതിയെ സമീപിച്ചത്. വിധിയുടെ പകർപ്പ് ലഭിച്ച് രണ്ടു മാസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് റോഡ് സേഫ്ടി കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ ബോബി റാഫേൽ, ഇ.സി. പൗലോസ് എന്നിവരാണ് കോടതിയിൽ ഹാജരായത്.