
കൊച്ചി: പാർട്ടിയിലെ വിഭാഗീയത പഴങ്കഥയായി. മൂന്ന് ദിവസം നീണ്ട സി.പി.എം ജില്ലാ സമ്മേളനം ശാന്തമായി ഒഴുകുന്ന പുഴപോലെ അവസാനിച്ചു. ഇറങ്ങിപ്പോക്കിനും ജില്ലാ കമ്മറ്രിയംഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാകലിനും വ്യവസായനഗരി സാക്ഷിയായെങ്കിലും കാൽനൂറ്റാണ്ടിന് ശേഷം ആദ്യമായി കലഹമില്ലാതെ സമ്മേളനം കൊടിയിറങ്ങി.
തിരഞ്ഞെടുപ്പ് വീഴ്ചയിൽ മുഖം നോക്കാതെ നടപടിയെടുത്തെങ്കിലും സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ അട്ടിമറിയുണ്ടായില്ല. സി.പി.എം. ജില്ലാസെക്രട്ടറിയായി സി.എൻ. മോഹനൻ തുടരും. കളമശേരി അഭിമന്യു നഗറിൽ മൂന്ന് ദിവസങ്ങളിലായ നടന്ന ജില്ലാസമ്മേളനം ഏകകണ്ഠമായി തീരുമാനത്തിന് അംഗീകാരം നൽകി. കർശന നിലപാടും തിരഞ്ഞെടുപ്പ് വീഴ്ചകളിലെടുത്ത നടപടിയും ജില്ലയിലെ പാർട്ടിക്ക് പൊതുവെയും ലഭിച്ച നേട്ടങ്ങളും സി.എൻ മോഹനന് തുണയായി.
സി.പി.എം. സംസ്ഥാന കമ്മറ്റി അംഗമാണ്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജീവ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജി.സി.ഡി.എ ചെയർമാനായിരുന്ന സി.എൻ. മോഹനൻ പാർട്ടിയുടെ തലപ്പത്തേക്ക് എത്തിയത്. ജില്ലാ സമ്മേളനത്തിന് മുമ്പേ തന്നെ സി.എൻ. മോഹനന് ഒരുവട്ടം കൂടി നൽകാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്രിലേക്ക് സി.എൻ. മോഹനൻ തിരഞ്ഞെടുക്കപ്പെട്ടാൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം. സ്വരാജ് എത്തിയേക്കും.
13 പുതുമുഖങ്ങൾ ഉൾപ്പടെ 46 അംഗ ജില്ലാ കമ്മറ്റിയെയും സമ്മേളനം ഏകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ ആറുപേർ വനിതകളാണ്. ഏരിയ, ലോക്കൽ കമ്മിറ്റികൾ വെട്ടിക്കുറച്ചെങ്കിലും ബ്രാഞ്ച് കമ്മിറ്റികളും പാർട്ടി മെമ്പർഷിപ്പും ഉയർന്നത് പരിഗണിച്ചാണ് ഒരംഗത്തെകൂടി ഉൾപ്പെടുത്തി ജില്ലാകമ്മിറ്റി വിപുലീകരിച്ചത്. 39 അംഗ കമ്മറ്റിയിൽ നാല് പേർ പ്രായാധിക്യം മൂലം വിട്ടുനിൽക്കാനുള്ള സന്നദ്ധത അറിയിച്ചു. രണ്ട് പേരെ ഒഴിവാക്കി. പുതുമുഖങ്ങളെയും വനിതകളെയും ഉൾപ്പെടുത്തി ഒഴിവ് നികത്തി.
ഒരു വനിതയുൾപ്പടെ 12 പേരെ ജില്ലാ സെക്രട്ടേറിയറ്ര് തിരഞ്ഞെടുത്തു. ജില്ലയിലെ പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കുന്നത്. ജില്ലാ കമ്മറ്റി അംഗവും കേരളാബാങ്ക് ബോർഡ് അംഗവുമായ പുഷ്പ ദാസിനെയാണ് സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തത്. നേതൃപാടവമുള്ള നേതാക്കളുടെ നിരയും വനിതളുടെയും യുവത്വത്തിന്റെ പ്രാതിനിധ്യവും സമ്മേളനത്തിന്റെ മാറ്റ് കൂട്ടിയെങ്കിലും ജില്ലാ കമ്മറ്റിയിൽ നിന്ന് തഴഞ്ഞതിൽ പ്രതിഷേധിച്ച് സി.പി.എം കവളങ്ങാട് മുൻ ഏരിയ സെക്രട്ടറി പി.എൻ. ബാലകൃഷ്ണൻ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും അംഗത്വം രാജിവച്ചതും പാർട്ടിക്ക് ക്ഷീണമായി. ബാലകൃഷ്ണനെ കൂടാതെ കെ.എം. സുധാകരൻ, ഗോപി കോട്ടമുറിക്കൽ എന്നിവരെയും ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി.