road
കിഴക്കമ്പലം നെല്ലാട് റോഡിന്റെ അറ്റകുറ്റപണികൾ നടക്കുന്നു

കോലഞ്ചേരി: പത്തു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കിഴക്കമ്പലം നെല്ലാട് റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. തുടക്കത്തിൽ കുഴികളിലെ വെള്ളം നീക്കി റോഡ് നിരപ്പാക്കും. തുടർന്ന് ഉണങ്ങിയശേഷം മിക്‌സ് നിരത്തി ടാർ ചെയ്യാനാണ് തീരുമാനം. 2.12 കോടി രൂപയ്ക്ക് ഇടത്തലയിലെ കമ്പനിയാണ് അറ്റകുറ്റപ്പണിയുടെ കരാറെടുത്തിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്. മഴ മാറി വെയിലായതോടെ തകർന്നു തരിപ്പണമായ റോഡിലെ യാത്ര അതീവ ദുഷ്ക്കരമായി. പൊടിശല്യം മൂലം ഒരാൾക്കുപോലും റോഡിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ടാറിംഗ് പൂർത്തിയാകുന്നതോ‌ടെ താത്കാലിക ശമനമാകും. ഇതുവരെ റോഡിന് വേണ്ടി നടന്ന പ്രക്ഷോഭങ്ങൾക്ക് കൈയും കണക്കുമില്ല. രാഷ്ട‌്രീയ സമരപ്രഹസനങ്ങൾ കണ്ടുമടുത്ത ജനം ഒടുവിൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് സമരരംഗത്താണ്. ബി.എം, ബി.സി നിലവാരത്തിലെ റോഡിന് വേണ്ടിയാണ് പ്രക്ഷോഭം.

നിലവിൽ ഇതേ റോഡിന്റെ മൂവാ​റ്റുപുഴ മുതൽ വീട്ടൂർ വരെ ഉണ്ടായിരുന്ന ഭാഗം അതേ വീതിയിൽ ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് വരുന്ന 14 കിലോമീ​റ്റർ ദൂരവും സമാനമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് റോഡിനെ ഈ ഗതിയിലാക്കിയത്. ആദ്യം കിഫ്ബിയും പിന്നീട് കെ.ആർ.എഫ്.ബിയും ഏ​റ്റെടുത്ത റോഡിനുള്ള സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് പൂർത്തിയാക്കാൻ കാലങ്ങളെടുക്കും. അതുകൊണ്ടാണ് നിലവിലുള്ള റോഡ് അതേ രീതിയിൽ പൂർത്തിയാക്കണമെന്ന ആവശ്യമുയരുന്നത്.