
കൊച്ചി: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ഗവ.മെഡിക്കൽ കോളേജുകളിൽ ആറ് മാസത്തിനകം രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കണമെന്ന് ഹൈക്കോടതി. ആവശ്യമായ മെഡിക്കൽ - പാരാ മെഡിക്കൽ സ്റ്റാഫിനെയും മറ്റു സൗകര്യവും ലഭ്യമാക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ നിർദ്ദേശിച്ചു. കാസർകോട് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങണം. അവിടെ ഒരുമാസത്തിനുള്ളിൽ സൗകര്യം ഒരുക്കണം. അസ്വാഭാവിക മരണമുണ്ടായാൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കുന്നതുവരെയുള്ള ചുമതല സർക്കാരിനാണ്. പോസ്റ്റുമോർട്ടം നടത്താനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെയും പോസ്റ്റ്മോർട്ടം നടത്തി വീട്ടിലെത്തിക്കുന്നതിന്റെയും ചെലവ് സർക്കാർ വഹിക്കണം.
അഞ്ചു മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങാൻ സർക്കാർ 2015ൽ തീരുമാനിച്ചിരുന്നു. ഇതു നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരള മെഡിക്കോ ലീഗൽ സൊസൈറ്റിക്കു വേണ്ടി സെക്രട്ടറി ഡോ. ഹിതേഷ് ശങ്കറാണ് ഹൈക്കോടതിയെ സമീപിച്ചത്. രാത്രികാല പോസ്റ്റ്മോർട്ടത്തിന് അടുത്തിടെ കേന്ദ്ര സർക്കാരും അനുമതി നൽകിയിരുന്നു. ശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്ത് രാത്രികാല പോസ്റ്റ്മോർട്ടം അനുവദനീയമാണെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
പോസ്റ്റ്മാേർട്ടം ചെലവ്
സർക്കാർ വഹിക്കണം
# അസ്വാഭാവിക മരണമായാൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടവും നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കേണ്ട ചുമതല സർക്കാരിനാണ്.
# പോസ്റ്റ്മാേർട്ടം ചെയ്യാൻ കൊണ്ടുപോകുന്നതു മുതൽ തിരിച്ച് ബന്ധുക്കൾക്ക് കൈമാറുന്നതുവരെയുള്ള ചെലവ് സർക്കാർ വഹിക്കണം.
# ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും സമയബന്ധിതമായി പൂർത്തിയാക്കാൻ സമയക്രമം നിശ്ചയിച്ച് ചീഫ് സെക്രട്ടറി ആറു മാസത്തിനകം സർക്കുലർ ഇറക്കണം.
ഇവ സർക്കാരിന്റെ ചുമതലയാണെന്നും ചെലവ് വഹിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതും സർക്കുലറിൽ വ്യക്തമാക്കണം.
# സൗകര്യമുള്ള എല്ലാ ആശുപത്രികളിലും രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കുന്നതിനായി പരിശോധന നടത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. സമിതി നിർദ്ദേശിക്കുന്ന ആശുപത്രികളിൽ രാത്രികാല പോസ്റ്റ്മോർട്ടം അനുവദിക്കണം.
മാരുതിയുള്ളപ്പോൾ ബി.എം.ഡബ്ളിയുവിനായി
വാശി പിടിക്കരുത്
കൊച്ചി: സർക്കാർ എ.സി മാരുതി കാർ നൽകുമ്പോൾ ഡോക്ടർമാർ ബി.എം.ഡബ്ള്യു കാറിനു വേണ്ടി വാശി പിടിക്കരുതെന്ന് ഹൈക്കോടതി. രാത്രികാല പോസ്റ്റ്മോർട്ടത്തിന് നിർബന്ധിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള മെഡിക്കോ ലീഗൽ സൊസൈറ്റി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
മാരുതി എ.സി കാർ സർക്കാർ നൽകുമ്പോൾ രാജകീയ സൗകര്യങ്ങളോടു കൂടിയ ബി.എം.ഡബ്ള്യു കാറിനു വേണ്ടി ഡോക്ടർമാർ വാശി പിടിക്കരുത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ലെന്ന് മനസ്സിലാക്കണം. ഡോക്ടർമാർ സഹകരിക്കുകയാണ് വേണ്ടത്. അവരെ അപമാനിക്കാനോ സേവനവും ആത്മാർത്ഥതയും കുറച്ചു കാണാനോ അല്ല ഇതു പറയുന്നത്. ലഭ്യമായ വിഭവശേഷിയിലും ജനങ്ങളെ സേവിക്കാൻ ഡോക്ടർമാർ ബാദ്ധ്യസ്ഥരാണെന്ന് ഹൈക്കോടതി പറഞ്ഞു.
æ മരിച്ചാലും മൗലികാവകാശമുണ്ട്
വ്യക്തികൾക്ക് ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല, മരണശേഷവും മൗലികാവകാശങ്ങളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. മൃതദേഹം എത്രയും വേഗം മാന്യമായി സംസ്കരിക്കണമെന്ന് ഉറ്റവർ ആഗ്രഹിക്കുമ്പോൾ നിയമങ്ങളും നടപടിക്രമങ്ങളും തടസ്സമാവരുത്. അസ്വാഭാവിക മരണമുണ്ടായാൽ ഉറ്റവരെ ആശ്വസിപ്പിച്ച് ബന്ധുക്കൾക്ക് വീട്ടിലിരിക്കാൻ കഴിയില്ല. അവർ പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഈ ദുരിതം അവസാനിപ്പിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു.