കൊച്ചി: ബാങ്കിംഗ് നിയന്ത്രണ നിയമ ഭേദഗതി ബില്ലിലൂടെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ആദ്യ ദിവസം ജില്ലയിൽ ബാങ്കുകൾ അടഞ്ഞു കിടന്നു. പണിമുടക്കിയ ഓഫീസർമാരും ജീവനക്കാരും എസ്.ബി.ഐ മെട്രോസ്റ്റേഷൻ ശാഖയക്കു മുമ്പിൽ ധർണ്ണ നടത്തി. പൊതുമേഖലാ ബാങ്കുകളിൽ സാധാരണ ജനങ്ങൾ നിക്ഷേപിച്ചിട്ടുള്ള 150ലക്ഷം കോടി രൂപ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കമാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി പറഞ്ഞു.
സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. മനോജ്, മാത്യു ജോർജ്, പി.എം.അംബുജം, വിനു മോഹൻ, ശ്രീനാഥ് ഇന്ദുചൂഡൻ, എം.പി.രാജീവ്, എൽ.ബി.എൻ. പ്രഭു എന്നിവർ നേതൃത്വം നൽകിയ ധർണ്ണയിൽ പി.ആർ. സുരേഷ് അദ്ധ്യക്ഷനായി. പണിമുടക്കും ധർണ്ണയും ഇന്നും തുടരും.