pic

കോതമംഗലം: മേതലയിലെ വീടാക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ആക്രമണത്തിനിരയായ കുടുംബത്തിന് നീതി നിഷേധിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. മുനിസിപ്പൽ ജംഗ്ഷനിൽ നിന്ന് പ്രകടനമായി എത്തിയ സമരക്കാരെ പൊലീസ് സ്റ്റേഷന് 100 മീറ്റർ അകലെ ബാരിക്കേഡ് വച്ച് തടഞ്ഞു. വൻ പൊലീസ് സന്നാഹവും സ്ഥലത്ത് തമ്പടിച്ചിരുന്നു. ബാരിക്കേടിന് മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. തുടർന്ന് നടന്ന ധർണ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാം ബഷീർ അദ്ധ്യക്ഷനായി. റോഡ് ബ്ലോക്ക് ചെയ്തു സമരം ചെയ്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നു കോതമംഗലം സി.ഐ പറഞ്ഞു.