kseb
ഭൂഗർഭ കേബിളിലൂടെ വൈദ്യുതി വിതരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച റിങ് മെയിൻ യൂണിറ്റ്.

മൂവാറ്റുപുഴ: സംസ്ഥാനത്ത് ആദ്യമായി മുനിസിപ്പാലിറ്റി പരിധിയിൽ 11 കെവി റിംഗ് മെയിൻ പ്രൊജക്ട് മൂവാറ്റുപുഴയിൽ യാഥാർത്ഥ്യമായി. കെ.എസ്.ഇ.ബി സ്വന്തം ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന ആദ്യത്തെ ഭൂഗർഭ കേബിൾ പദ്ധതിയായ മൂവാറ്റുപുഴ റിംഗ് മെയിൻ പ്രൊജക്ട് ഇന്നലെ ചാർജ് ചെയ്തു. ഭൂഗർഭ കേബിൾ വഴി വൈദ്യുതി വിതരണം സാദ്ധ്യമാക്കുന്ന പദ്ധതി ഒന്നര വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. മാറാടി സബ്സ്റ്റേഷനിൽ നിന്ന് എം. സി റോഡ് വഴി പി.ഒ ജംഗ്‌ഷനിലേക്കും മാറാടി ആരക്കുഴ മൂഴി വഴി പി.ഒ ജംഗ്‌ഷനിലേക്കും ഭൂഗർഭ കേബിൾ വഴി വൈദ്യുതി വിതരണം സുഗമമാക്കുന്നതിനുള്ള പദ്ധതിയാണിത്.

കെ.എസ്.ഇ.ബിയുടെ ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി 5.1കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഒന്നര മീറ്റർ ആഴത്തിൽ കുഴിയെടുത്ത് 16കിലോമീറ്റർ കേബിളാണ് സ്ഥാപിച്ചത്. ബംഗളൂരു ആസ്ഥാനമായ യാഷ്ടെൽ നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കിയത്. 60 ട്രാൻസ്‌ഫോമറുകളുടെ പരിധിയിലുള്ള എണ്ണായിരത്തോളം ഉപഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടുന്നത് ഒഴിവാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. 11-കെവി ലൈനിൽ എവിടെയെങ്കിലും തകരാർ സംഭവിച്ചാൽ സബ്സ്റ്റേഷനിൽ ലൈൻ ഓഫ് ചെയ്യുന്നത് മൂലം ഒരു പ്രദേശത്താകെ വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു. ഇതോടൊപ്പം തന്നെ ചെറുതും വലുതുമായ കമ്പനികളുടെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഭൂഗർഭ കേബിളുകൾ വഴി വൈദ്യുതി വിതരണം ആരംഭിക്കുന്നതോടെ വൈദ്യുതി തടസ്സം നേരിട്ടാൽ അറ്റകുറ്റപ്പണികൾക്കായി ഒന്നോ രണ്ടോ ട്രാൻസ്‌ഫോമറുകളുടെ പരിധിയിലുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചാൽ മതിയാകും.

നിലവിൽ കൊച്ചി, കോഴിക്കോട്, എന്നീ കോർപറേഷൻ പരിധികളിൽ മാത്രമാണ് 11 കെവി റിങ് മെയിൻ പ്രൊജക്ട് ഉപയോഗിച്ച് വൈദ്യുതി വിതരണം നടക്കുന്നുള്ളൂ. ആദ്യമായാണ് മുനിസിപ്പാലിറ്റി മേഖലയിൽ പദ്ധതി നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ സെൻട്രൽ ചീഫ് എജിനീയർ എം.എ.ടെൻസൺ, പെരുമ്പാവൂർ ഡപ്യൂട്ടി ചീഫ് എൻജിനീയർ സുരേഷ് കുമാർ, മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.ആർ.രാജീവ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് പി.ഏബ്രഹാം, അസിസ്റ്റന്റ് എൻജിനീയർ പി.എസ്.കുഞ്ഞുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്.

 പദ്ധതി ചെലവ് : 5.1കോടി രൂപ

 കേബിൾ സ്ഥാപിച്ചത്: 16കി.മി

 8000 ഓളം ഉപഭോക്താക്കൾക്ക് പ്രയോജനം