കോലഞ്ചേരി: സി.പി.എമ്മിൽ എത്തിയശേഷം നടന്ന ആദ്യ പാർട്ടി സമ്മേളനത്തിൽ ലോക്കൽകമ്മിറ്റിയംഗം, ഏരിയാകമ്മിറ്റിയംഗം, ജില്ലാ സമ്മേളന പ്രതിനിധി, സംസ്ഥാന സമ്മേളന പ്രതിനിധി തുടങ്ങി ശ്രീനിജിനെ തേടിയെത്തിയത് അർഹിക്കുന്ന അംഗീകാരങ്ങൾ. 2016 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലാണ് വലതു സഹയാത്രികനായ അഡ്വ.പി.വി. ശ്രീനിജിൻ ഇടതുപാളയത്തിലേക്ക് എത്തിയത്. 2018ൽ പാർട്ടി അംഗത്വം നൽകി എറണാകുളം കീർത്തിനഗർ ബ്രാഞ്ച് കമ്മിറ്റിയംഗമാക്കി. 2021ൽ കുന്നത്തുനാാട്ടിൽ നിയസഭ സ്ഥാനാർത്ഥിയാക്കി, എം.എൽ.എയുമായി. തുടർന്ന് നടന്ന പാർട്ടി ലോക്കൽ സമ്മേളനത്തിൽ എളമക്കര ലോക്കൽ കമ്മിറ്റിയിലെടുത്തു. തൊട്ടുപിന്നാലെ എറണാകുളം ഏരിയാ കമ്മിറ്റിയംഗമാക്കി. ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയായിരിന്നു. അവിടെ നിന്നാണ് സംസ്ഥാന സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തത്. ജില്ലാ സമ്മേളന ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി കുന്നത്തുനാട്ടിലെ തിളങ്ങുന്ന വിജയത്തെ കുറിച്ച് പ്രതിപാദിച്ചതോടെ സമ്മേളന നഗരിയിലെ താരമായും ശ്രീനിജിൻ മാറി.