മൂവാറ്റുപുഴ: ചാലിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് മാലിന്യം തള്ളി. ചാക്കു കെട്ടുകളിലായി കൊണ്ടുവന്ന മാലിന്യമാണ് തള്ളിയത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. വാട്ടർഅതോറിട്ടിയുടെ കുടിവെള്ള ടാങ്കിന് കുറച്ചു മുകളിലെ ഭാഗത്തായാണ് വലിയ തോതിൽ ചാക്കു കെട്ടുകളിലായി മാലിന്യം തള്ളിയിരിക്കുന്നത്. ഇവ ഒലിച്ചു പോയി കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്ക്ക് അടിഞ്ഞ് ജലം മലിനമാകുകയാണ്. നഗരത്തിൽ മാലിന്യ നിക്ഷേപം കർശനമായി നിരോധിച്ചതോടെ രാത്രി കാലങ്ങളിൽ ആളുകൾ ചാക്കുകെട്ടിലും കിറ്റിലുമായി വേസ്റ്റുകൾ മൂവാറ്റുപുഴ ആറിലേയ്ക്ക് തള്ളുന്നത് പതിവായിരിക്കുകയാണ്. വേനൽക്കാലമായതോടു കൂടി പുഴയിൽ വെള്ളം കുറവായതിനാൽ മാലിന്യം പുഴയോരത്തും കുളിക്കടവുകളിലും മറ്റും കെട്ടി കിടക്കുകയാണ്. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മൂവാറ്റുപുഴ മേഖല പൗരസമിതി പ്രസിഡന്റ് നജീർ ഉപ്പൂട്ടിങ്കൽ ആവശ്യപ്പെട്ടു.