highcourt

കൊച്ചി: ചുമടെടുക്കുന്നതിനിടെ പരിക്കേറ്റ തൊഴിലാളികളുടെ കണക്ക് ഹാജരാക്കാൻ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിന് നിർദ്ദേശം നൽകി ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേയാണിത്.

ചുമടെടുക്കുന്നതിനിടെ ഭർത്താവിന് പരിക്കേറ്റെന്ന് വ്യക്തമാക്കി നിരവധി സ്ത്രീകൾ കോടതിക്ക് കത്തെഴുതിയിരുന്നു. ഇത്തരം സംഭവങ്ങളിൽ നഷ്ടപരിഹാരം ലഭിക്കാത്തതിനെത്തുടർന്നുള്ള കേസുകളും ഹൈക്കോടതിയിലുണ്ട്. ഇവ കണക്കിലെടുത്താണ് കണക്കു തേടിയത്.

തലച്ചുമട് അവസാനിപ്പിക്കേണ്ട കാലമായെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. ചുമട്ടു തൊഴിലാളികളെ ഒഴിവാക്കണമെന്നല്ല, മേഖലയിൽ ആധുനികവത്കരണം നടപ്പാക്കണമെന്നാണ് ഉദ്ദേശിച്ചത്. ചുമട്ടു തൊഴിലാളികൾ കാലക്രമേണ ആരോഗ്യ പ്രശ്നമുള്ളവരായി മാറുന്ന സാഹചര്യത്തിലാണിത് പറഞ്ഞതെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.