
കൊച്ചി: കൊവിഡിലും കേരളത്തിലെ ഐ.ടി പാർക്കുകൾ സ്വന്തമാക്കിയത് മികച്ച വളർച്ച. 77 ശതമാനം വളർന്ന കോഴിക്കോട് സൈബർപാർക്കാണ് മുന്നിൽ. കൊച്ചി ഇൻഫോപാർക്ക് 21 ശതമാനവും തിരുവനന്തപുരം ടെക്നോപാർക്ക് എട്ടുശതമാനവും വളർന്നു.
ആവശ്യക്കാർ ധാരാളമുണ്ടെങ്കിലും നൽകാൻ സ്ഥലമില്ലാത്തതാണ് ടെക്നോപാർക്കിന്റെ വളർച്ചാനിരക്ക് കുറഞ്ഞുനിൽക്കാൻ കാരണമെന്ന് ഐ.ടി പാർക്കുകളുടെ സി.ഇ.ഒ ജോൺ എം. തോമസ് പറഞ്ഞു. അമേരിക്കൻ കമ്പനിയായ ടോറസിന്റെ കെട്ടിടം പൂർത്തിയാകുന്നതോടെ വലിയ വളർച്ച കൈവരിക്കാനാകും. പുതിയ പാർക്കെന്ന നിലയിലാണ് സൈബർപാർക്ക് ശ്രദ്ധിക്കപ്പെട്ടത്.
മൂന്ന് ഐ.ടി പാർക്കുകളിൽ നിന്ന് 15,100 കോടി രൂപയുടെ കയറ്റുമതി വരുമാനം കഴിഞ്ഞ സാമ്പത്തികവർഷം ലഭിച്ചു. പാർക്കുകൾക്ക് പുറത്തുള്ള കമ്പനികളുടെ കൂടി കയറ്റുമതി വിലയിരുത്തിയാൽ വരുമാനം 20,000 കോടിയോളമാണ്. ആഭ്യന്തരവിപണിയിൽ നിന്നാണ് 3700 കോടി രൂപയും ലഭിച്ചത്.
ഒരുകോടി ചതുരശ്രഅടി കൂടി
20 കോടി ചതുരശ്രഅടി ഐ.ടി സ്ഥലമാണ് നിലവിലുള്ളത്. ഒരുകോടി ചതുരശ്രഅടി നിർമ്മാണം പുരോഗമിക്കുന്നു. 2026ൽ പൂർത്തിയാകും. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) രീതിയിലാണ് കൂടുതൽ സ്ഥലം ഒരുക്കുക. അന്താരാഷ്ട്ര പ്രസിദ്ധമായ പങ്കാളികളെ കണ്ടെത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംരംഭങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുകയും കെട്ടിടനിർമ്മാണം സ്വകാര്യപങ്കാളിക്ക് നൽകുകയുമാണ് ലക്ഷ്യം. പാർക്കുകളുടെ വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കുമെന്നും സി.ഇ.ഒ പറഞ്ഞു.