ആലുവ: പുക്കാട്ടുപടി കവലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ജനുവരി ഒന്ന് മുതൽ വൺവേ ഏർപ്പെടുത്താനുള്ള ഒരു വിഭാഗം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ തീരുമാനത്തിന് പഞ്ചായത്ത് കമ്മിറ്റിയുടെ റെഡ് സിഗ്നൽ. പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ സർവകക്ഷി യോഗം വിളിച്ച് രണ്ട് മെമ്പർമാരുടെ മാത്രം സാന്നിദ്ധ്യത്തിലെടുത്ത തീരുമാനം പുന:പരിശോധിക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് തീരുമാനം മരവിപ്പിച്ചത്. പുക്കാട്ടുപടിയിൽ ഗതാഗത പരിഷ്കാരം വേണമെന്ന ആവശ്യത്തിൽ എല്ലാവരും ഒരേ നിലപാടുകാരാണ്. ഏകപക്ഷീയമായ തീരുമാനത്തെയാണ് പ്രതിപക്ഷം എതിർത്തത്. ഭരണപക്ഷത്തെ ചിലരും ഇതിനോട് യോജിച്ചു. ഇതേതുടർന്ന് 20ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിപുലമായ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചു. പുക്കാട്ടുപടി കവലയുടെ ഒരു ഭാഗം കിഴക്കമ്പലം പഞ്ചായത്തായതിനാൽ അവിടെ നിന്നുള്ള ജനപ്രതിനിധികളും പി.ഡബ്ളിയു.ഡി, ആ.ടി.ഒ അധികൃതരെയും ഇതര സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിക്കും. ഈ യോഗത്തിൽ നിന്നുള്ള നിർദ്ദേശം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.
വാർഡ് മെമ്പർമാർ വിളിച്ച യോഗത്തിലെടുത്ത തീരുമാനം റദ്ദാക്കിയെന്ന് പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീർ പറഞ്ഞു. എന്നാൽ തീരുമാനം റദ്ദാക്കിയിട്ടില്ലെന്നും കൂടുതൽ ചർച്ചകൾക്കായി 20ന് വീണ്ടും സർവകക്ഷി യോഗം ചേരുമെന്നും പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ പറഞ്ഞു.