കളമശേരി: കുടിവെള്ള ക്ഷാമം രൂക്ഷമായ കരുമാല്ലൂരിലും കുന്നുകരയിലും സ്ഥലമെടുപ്പ് പൂർത്തിയാക്കി. ജനുവരിയോടെ ടെണ്ടർ വിളിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകാൻ സമയമെടുക്കുമെന്നും അടിയന്തര നടപടിക്കാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുന്നുകര പഞ്ചായത്തിലെ 8, 10, 12,15 വാർഡുകളിൽ കുടിവെള്ളക്ഷാമമാണ്. 13, 14 വാർഡുകളിൽ ക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരമായി 14-ാം വാർഡിൽ ചാലാക്ക സ്ക്കൂൾ, മഹിളാ സമാജം പ്രദേശങ്ങളിൽ 1.15 ലക്ഷം വീതം വരുന്ന 4 ഇഞ്ച് വ്യാസമുള്ള ബോർവെൽ നിർമ്മിക്കുന്നതിന് പഞ്ചായത്ത് ഭൂഗർഭ ജല വകുപ്പിന് സമർപ്പിച്ച പദ്ധതി അനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കി ഈ മാസം തന്നെ ആരംഭിക്കാൻ തീരുമാനിച്ചു.
ആലങ്ങാട് പഞ്ചായത്തിൽ 17.80 ലക്ഷം രൂപ ചെലവിൽ പൈപ്പ് മാറ്റുന്ന ജോലി നടത്തും. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പ്രദേശത്ത് വെള്ളിയാഴ്ച പരിശോധന നടത്തും. ഏലൂർ നഗരസഭയിൽ മഞ്ഞുമ്മലിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ ഫാക്ട് വാട്ടർ അതോറിട്ടി, നഗരസഭ എന്നിവരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷനുമായി ബന്ധപ്പെട്ട് മഞ്ഞുമ്മിലിൽ പദ്ധതി നടപ്പാക്കാനും ശ്രമിക്കും.
എച്ച്.എം.ടി. തേവയ്ക്കൽ ഭാഗത്ത് പൈപ്പ് മാറ്റുന്നതിന് റീ ടെണ്ടർ വിളിക്കാനും തീരുമാനിച്ചു.