
കൊച്ചി: ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് വൻതോതിൽ ലഹരിമരുന്നും ആയുധങ്ങളും പിടിച്ചെടുത്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യയിലും ശ്രീലങ്കയിലും എൽ.ടി.ടി.ഇയുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ഫണ്ടു കണ്ടെത്താനാണ് പ്രതികൾ ആയുധങ്ങളും ലഹരി മരുന്നും കടത്തിയതെന്ന് എറണാകുളത്തെ എൻ.ഐ.എ കോടതിയിൽ അന്വേഷണ സംഘം നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ മാർച്ച് 25നാണ് ഇറാനിൽ നിന്നുള്ള 300 കിലോ ഹെറോയിനുമായി പോവുകയായിരുന്ന രവി ഹൻസി എന്ന ശ്രീലങ്കൻ ബോട്ട് മിനിക്കോയ് ദ്വീപിനു സമീപത്തു വച്ച് കോസ്റ്റ് ഗാർഡ് പിടികൂടിയത്. പരിശോധനയിൽ ലഹരിമരുന്നിനു പുറമേ 5 എകെ 47 തോക്കുകളും 1000 തിരകളും ബോട്ടിൽ നിന്നു കണ്ടെത്തിയിരുന്നു. ബോട്ടിലുണ്ടായിരുന്ന എൽ.വൈ. നന്ദന, ജനകദാസ് പ്രിയ , രണസിംഗ, മെൻഡിസ് ഗുണശേഖര, നമേഷ് സേനാരഥ്, തിലങ്ക മധുഷൻ, നിസങ്ക എന്നിവരെ അറസ്റ്റ് ചെയ്തു. പിന്നീടാണ് തീവ്രവാദ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തി കേസ് ദേശീയ അന്വേഷണ ഏജൻസിക്കു വിട്ടത്. ശ്രീലങ്കൻ സ്വദേശി എ. സുരേഷ് രാജ്, ചെന്നൈ സ്വദേശി സത്ഗുണം എന്നിവരെ കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.