
കൊച്ചി: ജില്ലയിൽ വിദേശത്തു നിന്നെത്തിയ രണ്ടുപേർക്കും സമ്പർക്കത്തിൽപ്പെട്ട മറ്റു രണ്ടുപേർക്കും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കടുപ്പിച്ച് ആരോഗ്യ വകുപ്പ്. അന്താരാഷ്ട്ര യാത്രികർ സ്വയംനിരീക്ഷണത്തിലിരിക്കുകയും ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമായി പാലിക്കുകയും വേണമന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ഹൈ റിസ്‌ക് രാജ്യമല്ലാത്ത കോംഗോയിൽ നിന്നെത്തിയ വ്യക്തിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോൺ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവരും സ്വയം നിരീക്ഷണത്തിലിരിക്കണം. കുടുംബാംഗങ്ങളുമായോ മറ്റുള്ളവരുമായോ പൊതുയിടങ്ങളിലോ ഇടപഴകരുത്. അടിസ്ഥാന പ്രതിരോധ മാർഗങ്ങളായ മാസ്‌കും കൈകളുടെ ശുചിത്വവും സാമൂഹിക അകലവും കർശനമായി പാലിക്കണം.
വാക്‌സിനേഷൻ തീവ്രയഞ്ജം
കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ ഒമിക്രോൺ ഗുരുതരമാകുന്നതായി കാണപ്പെടുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വാക്‌സിൻ തീവ്രയജ്ഞം ആരംഭിച്ചു. വാക്‌സിൻ ആദ്യ ഡോസ് ഇനിയും എടുക്കാനുള്ളവരും രണ്ടാംഡോസ് എടുക്കാൻ സമയമായവരും ആരോഗ്യ കേന്ദ്രത്തിൽ നിന്ന് എടുത്ത് സുരക്ഷിതരാകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഡിസംബർ 18,19, 20 തീയതികളിൽ ജില്ലയിൽ തീവ്ര വാക്‌സിനേഷൻ യജ്ഞം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ അറിയിച്ചു.