മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വെള്ളപ്പൊക്കത്തിനു ശാശ്വത പരിഹാരം കാണാൻ ജനം നേരിട്ടിറങ്ങിയപ്പോൾ മന്ത്രിയുടെ ഇടപെടൽ. മൂവാറ്റുപുഴ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുണ്ടാകുന്ന പ്രളയം തടയുന്നതിനുള്ള കർമ്മപദ്ധതി തയാറാക്കുന്നതിനുള്ള യോഗം മൂവാറ്റുപുഴയിലെ സ്വകാര്യഹോട്ടലിൽ ചേർന്നപ്പോഴാണ് ജനങ്ങളും ജനപ്രതിനിധികളും മന്ത്രിയും ഒന്നിച്ച് ഈ കാര്യത്തിൽ തീരുമാനമുണ്ടാക്കിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു മുന്നിലാണ് സാധാരണയിൽനിന്നു വ്യത്യസ്തമായി ജനങ്ങൾ നിർദേശങ്ങളുമായി നേരിട്ടെത്തിയത്. പ്രധാനമായും മൂന്നുകാര്യങ്ങളിലാണ് മന്ത്രി സത്വരനടപടിക്കു നിർദേശം നകിയിരിക്കുന്നത്. മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കാൻ മുന്നോടിയായി എടുക്കേണ്ട നടപടികൾക്കു വേണ്ടി തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം മന്ത്രി വിളിച്ചുചേർക്കും. ജനങ്ങൾ ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്നമാണ് ചെക്ക് ഡാമിന് ഷട്ടർ ഇല്ല എന്നത്. ചെക്ക് ഡാമിന്റെ ഷട്ടർ പിടിപ്പിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഒരുമാസത്തതിനുള്ളിൽ തയാറാക്കി റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മൂവാറ്റുപുഴയിലെ തോടുകളിലെയുും നദികളിലെയും എക്കലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികൾക്ക് മുന്തിയ പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.
മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ 11ന് പ്രളയത്തെക്കുറിച്ച് പഠിക്കുന്നതിനായി ജനങ്ങളിൽനിന്ന് നേരിട്ട് അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വലിയ മുന്നൊരുക്കങ്ങളുമായാണ് ജനങ്ങളും ജനപ്രതിനിധികളും മന്ത്രിക്കും ജലവിഭവ, വൈദ്യുത, റവന്യൂ ഉന്നത ഉദ്യോഗസ്ഥ മേധാവികൾക്കു മുന്നിലും അവരുടെ അഭിപ്രായങ്ങളുമായെത്തിയത്. വിഷയത്തെക്കുറിച്ച് ജനങ്ങൾതന്നെയാണ് ആദ്യം സംസാരിച്ചത്. വിഷയത്തിൽ ദീർഘമായ ചർച്ച തന്നെ നടന്നു. യോഗത്തിൽ മൂവാറ്റുപുഴയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ പങ്കെടുത്തു.