marakkar-and-kuruppu

കൊച്ചി: തിയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെ, ഒ.ടി.ടിയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ പിൻവലിക്കാൻ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് തീരുമാനിച്ചു. കുറുപ്പ്, മരക്കാർ അറബിക്കടലിലെ സിംഹം എന്നീ സിനിമകളുടെ പ്രദർശനം ഇന്ന് അവസാനിപ്പിക്കും.

ദുൽഖർ സൽമാൻ നായകനും നിർമ്മാതാവുമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത കുറുപ്പ് കഴിഞ്ഞ ദിവസം ഒ.ടി.ടിയിൽ പ്രദർശിപ്പിച്ചു. മികച്ച വരുമാനം ലഭിച്ച സിനിമ പൊടുന്നനെ ഒ.ടി.ടിയിൽ പ്രദർശിപ്പിക്കുകയായിരുന്നു. നവംബർ 12 നാണ് കുറുപ്പ് തിയേറ്ററിൽ റിലീസ് ചെയ്തത്. മരക്കാർ ഇന്ന് ഒ.ടി.ടിയിൽ പ്രദർശിപ്പിക്കും. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ഡിസംബർ രണ്ടിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

തിയേറ്ററുകളിലേക്ക് കാണികൾ കൂടുതലായി വരുന്ന സമയത്ത് ഒ.ടി.ടിയിലേക്ക് മാറ്റിയതിൽ അതൃപ്തിയും പ്രതിഷേധവും അറിയിച്ചാണ് പ്രദർശനം അവസാനിപ്പിക്കാൻ ഫിയോക് തീരുമാനിച്ചത്. നിർദ്ദേശം തിയേറ്ററുടമകൾക്ക് രേഖാമൂലം നൽകിയതായി ഫിയോക് ഭാരവാഹികൾ പറഞ്ഞു.