
കൊച്ചി: നെറികേടുകളും വീഴ്ചകളും ചൂണ്ടിക്കാട്ടിയതാണ് തന്നെ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്ന് സി.പി.എം മുൻ ജില്ലാ കമ്മറ്റിയംഗവും കവളങ്ങാട് മുൻ ഏരിയാ സെക്രട്ടറിയുമായി പി.എൻ. ബാലകൃഷ്ണൻ. പൂർണ ആരോഗ്യവാനായ തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനോടും ജില്ലാ സെക്രട്ടറി സി.എൻ. മോഹനനോടും ചോദിച്ചിരുന്നു. എന്നാൽ ഇരുവർക്കും അതിന് ഉത്തരമുണ്ടായില്ല. അതിനാലാണ് ജില്ലാ സമ്മേളത്തിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ബാലകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു.
വിഭാഗീയ പാടെ തുടച്ചുനീക്കി സംഘടിപ്പിച്ച സമ്മേളനത്തിൽ നിന്ന് പ്രതിനിധി പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് പാർട്ടിക്ക് ക്ഷീണമായി. ഇന്നലെ ഉച്ചയോടെയാണ് കളമശേരിയിലെ സമ്മേളന നഗരയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എട്ടാം ക്ലാസ് മുതലാണ് പാർട്ടി പ്രവർത്തനം തുടങ്ങിയ ബാലകൃഷ്ണൻ കഴിഞ്ഞ 51 വർഷമായി പാർട്ടി അംഗമായി വിവിധ തലങ്ങളിൽ പ്രവർത്തിച്ച് വരികയായിരുന്നു. പ്രായമാണ് മാനദണ്ഡമെങ്കിൽ എന്നേക്കാൾ പ്രായമുള്ള നാലോളം പേർ ഇപ്പോഴും ജില്ലാ കമ്മറ്റിയിലുണ്ട്. സി.പി.എം ജില്ല സെക്രട്ടറി സി.എൻ മോഹനന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് കരുതുന്നത്. അദ്ദേഹത്തെ ആരെക്കെയോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തന്നെ കറിവേപ്പില പോലെ ഉപേക്ഷിച്ചെന്നും ബാലകൃഷ്ണൻ പറഞ്ഞു. ഇനി പാർട്ടി അംഗത്വത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. പാർട്ടിയുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിക്കുകയാണ്.
അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്ന് ആരും ഇറങ്ങിപ്പോയിട്ടില്ലെന്നും 46അംഗ കമ്മറ്റി ഏകകണ്ഠേനയാണ് പാസാക്കിയതെന്നും ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു. കവളങ്ങാട് ഏരിയാ കമ്മറ്റിയിൽ നിന്ന് രണ്ട് പേർ ജില്ലാ കമ്മറ്റിയിലേക്ക് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതേ ഏരിയാ കമ്മറ്റിയിൽ നിന്ന് ഒരാളെകൂടി കമ്മറ്റിയിലേക്ക് എടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ബാലകൃഷ്ണനെ ഒഴിവാക്കിയതെന്നാണ് വിവരം. മുതിർന്ന നേതാവ് ബാലകൃഷ്ണനെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അതിനു വഴങ്ങിയില്ലെന്നാണ് അറിയുന്നത്.