
കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനന് രണ്ടാമൂഴം.. മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ലാ സമ്മേളനം ഏകകണ്ഠമായി സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു. 13 പുതുമുഖങ്ങൾ ഉൾപ്പെടെ 46 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. ഇതിൽ ആറ് പേർ വനിതകളാണ്.
ഏരിയാ, ലോക്കൽ കമ്മിറ്റികളുടെ എണ്ണം വെട്ടിക്കുറച്ചെങ്കിലും ബ്രാഞ്ച് കമ്മിറ്റികളും പാർട്ടി മെമ്പർഷിപ്പും ഉയർന്നതു പരിഗണിച്ചാണ് ജില്ലാ കമ്മിറ്റിയിൽ ഒരംഗത്തെക്കൂടി ഉൾപ്പെടുത്തിയത്. കണ്ണൂർ മാതൃകയിൽ ജില്ലാ സെക്രട്ടേറിയറ്റിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു. ഒരു വനിതയുൾപ്പെടെ 12 പേരെ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു. ജില്ലയിലെ പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിത സെക്രട്ടേറിയറ്റിലെത്തുന്നത്. ജില്ലാ കമ്മിറ്റിയംഗവും കേരളാ ബാങ്ക് ബോർഡ് അംഗവുമായ പുഷ്പ ദാസാണ് സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
. 2018 മുതൽ ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന സി.എൻ. മോഹനൻ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധേയനായത്. 2000–2005ൽ സി.പി.എം കോലഞ്ചേരി ഏരിയാ സെക്രട്ടറിയായിരുന്നു. 2012ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 11 വർഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു.
 പി.എൻ. ബാലകൃഷ്ണൻ ഇറങ്ങിപ്പോയി
ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സി.പി.എം കവളങ്ങാട് മുൻ ഏരിയാ സെക്രട്ടറി പി.എൻ. ബാലകൃഷ്ണൻ, സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയി. വേദിയിലിരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ച ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്.
ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നെറികേടുകളും വീഴ്ചകളും ചൂണ്ടിക്കാട്ടിയതാണ് തന്നെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്ന് പി.എൻ. ബാലകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. പൂർണ ആരോഗ്യവാനായ തന്നെ എന്തിനാണ് ഒഴിവാക്കിയതെന്ന്
കോടിയേരിയോടും ജില്ലാ സെക്രട്ടറി സി.എൻ. മോഹനനോടും ചോദിച്ചിരുന്നു. ഇരുവർക്കും ഉത്തരമുണ്ടായില്ല. സി.എൻ മോഹനന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് കരുതുന്നത്. അദ്ദേഹത്തെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തന്നെ കറിവേപ്പില പോലെ ഉപേക്ഷിച്ചു. ഇനി പാർട്ടി അംഗത്വത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം, ആരും ഇറങ്ങിപ്പോയിട്ടില്ലെന്നും 46അംഗ ജില്ലാ കമ്മിറ്റിയെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്നും ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു.