കൊച്ചി: കേരളത്തിൽ മതവികാരം ആളിക്കത്തിച്ച് കോൺഗ്രസും മുസ്ളീം ലീഗും ബി.ജെ.പിക്ക് വഴിയൊരുക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കളമശേരിയിൽ പാർട്ടി ജില്ലാ സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജയ്‌പൂരിലെ റാലിയിൽ സോണിയാ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും വേദിയിലിരുത്തിയാണ് ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ഹിന്ദുവാണ് ഭരിക്കേണ്ടതെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ആർ.എസ്.എസും ഇതുതന്നെയാണ് പറയുന്നത്. രാജ്യത്തിന് പകരം രാഷ്ട്രമെന്നാണെന്നേയുള്ളൂ. എ.ഐ.സി.സിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയും ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടോ? ഇക്കാര്യത്തിൽ ലീഗിന് എന്തു നിലപാടാണ് ?
വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതിന്റെ പേരിൽ മുസ്ളീം ലീഗും വർഗീയതയാണ് പറയുന്നത്. 2017ൽ മന്ത്രിസഭ ഇക്കാര്യം തീരുമാനിച്ചപ്പോഴോ 2020ൽ ഓർഡിനൻസ് ഇറക്കിയപ്പോഴോ ബില്ല് ചർച്ചയ്ക്ക് വന്നപ്പോഴോ വോട്ടിനിട്ടപ്പോഴോ ഇതായിരുന്നില്ല അവരുടെ സമീപനം.
കോഴിക്കോട് റാലിയിൽ ലീഗിന്റെ തനിനിറം പുറത്തുവന്നു. മതേതരത്വം പറയുന്ന ലീഗ് നേതാവ് മതമാണ് പ്രശ്നമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞ് ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനെ തെറിവിളിച്ചു. വഖഫ് സ്വത്തുക്കൾ കവർന്നവരുടെ വിലാപമാണ് അവിടെ ഉയർന്നത്. ജമാഅത്തെ ഇസ്ളാമിയുടെ തത്വശാസ്ത്രമാണ് ലീഗിനും. വീണ്ടുമൊരു വിമോചന സമരം നടത്താമെന്ന ഇവരുടെയൊന്നും വ്യാമോഹം ഇനി നടപ്പില്ല. സി.പി.എമ്മിന് ഇപ്പോൾ അതൊക്കെ നേരിടാനുള്ള ശേഷിയുണ്ട് - കോടിയേരി പറഞ്ഞു.
യോഗത്തിൽ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.ചന്ദ്രൻപിള്ള, വ്യവസായ മന്ത്രി പി.രാജീവ്, കേരളബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, എസ്.ശർമ്മ, എം.സ്വരാജ്, എം.സി. ജോസഫൈൻ, കെ.എൻ. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന നേതാക്കളായ കെ.എം.സുധാകരൻ, കെ.എൻ.രവീന്ദ്രനാഥ്, എന്നിവരെ പാർട്ടി സെക്രട്ടറി ആദരിച്ചു. എം.എം.ലോറൻസ്, സരോജിനി ബാലാനന്ദൻ എന്നിവർക്കു വേണ്ടി ജില്ലാ സെക്രട്ടറി ആദരം ഏറ്റുവാങ്ങി.