കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മാല പൊട്ടിച്ച കേസിലെ പ്രതി മലപ്പുറം ആലങ്ങോട് പന്താവൂർ പാലം പുളിക്കപ്പറമ്പിൽ മുഹമ്മദ് മുസ്തഫ (34) യെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇയാൾ 100 പവനോളം സ്വർണം മോഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചിന് പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ പൂമ്പാറ്റ ജംഗ്ഷനിൽ വഴിയാത്രക്കാരന്റെ രണ്ടര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്നു തന്നെ കടവന്ത്രയിൽ പ്രഭാത സവാരി നടത്തുകയായിരുന്ന സ്ത്രീയുടെ മൂന്നു പവൻ സ്വർണമാല പൊട്ടിച്ചതും ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
തൃശൂർ പൂങ്കുന്നത്ത് രണ്ടു പവന്റെ സ്വർണമാലയും പാലക്കാട് ജില്ലയിൽ മൂന്നു പവന്റെ മാലയും കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു പവന്റെ സ്വർണമാലയും ഇയാൾ മോഷ്ടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതി എട്ടുമാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ജാമ്യത്തിൽ ഇറങ്ങിയതാണ്. ആലുവയിൽ വാടകയ്ക്ക് താമസിച്ചാണ് മോഷണം നടത്തിയിരുന്നത്. മോഷണമുതൽ വിവിധ ബാങ്കുകളിലും ജുവലറികളിലും പണയം വയ്ക്കുകയും വിൽപ്പന നടത്തുകയും ചെയ്തതായി പ്രതി സമ്മതിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു, ഡിസിപി ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നിർദ്ദേശാനുസരണം എറണാകുളം എസ്.പി വൈ.നിസാമുദ്ദീൻ, പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ എസ്. സനൽ, സബ് ഇൻസ്‌പെക്ടർമാരായ ടി.എസ്. രതീഷ്, അഖിൽദേവ്, എ. എസ്.ഐ ഷിഹാബ്, സിപിഒമാരായ എ.ടി. അനിൽകുമാർ, മാഹിൻ അബൂബക്കർ, മിഥുൻ സിദ്ധാർഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.