കൊച്ചി: അതിവ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി നാട്ടിലെത്തിയതിന്റെ മൂന്നാം ദിവസം എറണാകുളത്തെ ജനസാന്ദ്രതയേറിയ മാളും ഹോട്ടലുകളും സന്ദർശിച്ചു. ഇയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ട ആരോഗ്യ വിഭാഗം സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ കോംഗോയിൽ നിന്നെത്തിയ യുവാവ് ക്വാറന്റൈനിലായിരുന്നില്ല. കേന്ദ്രമാർഗനിർദ്ദേശമനുസരിച്ച് സ്വയം നീരിക്ഷണമാണ് അനുവദിച്ചിരുന്നത്.

കഴിഞ്ഞ ഏഴാം തീയതിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ 34കാരനായ യുവാവ് എത്തിയത്. 11 ന് നടത്തിയ പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. തുടർന്ന് ഇയാളെ ഇരുമ്പനത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സമ്പർക്കപ്പട്ടികയിലുളളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ജില്ലയിൽ ഒമിക്രോൺ ബാധിച്ച് ചികിത്സയിലുള്ള നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിൽ കഴിയുന്ന ബ്രിട്ടണിൽ നിന്നെത്തിയ തൃക്കാക്കര സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ അമ്മയും ഭാര്യയുമൊഴികെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

ഒമിക്രോൺ വ്യാപനത്തെതുടർന്ന് രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ നേരിടാൻ ജില്ലയിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുളളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയാം. എയർപോർട്ടിലും സീപോർട്ടിലും നീരിക്ഷണം ശക്തമാക്കി.

ഉദയംപേരൂർ സ്വദേശിയുടെ റൂട്ട് മാപ്പ്
 ഏഴിന് രാവിലെ മൂന്നിന് സിയാൽ എയർപോർട്ടിലെത്തി
 ഒമ്പതിന് രാവിലെ 10.10ന് സ്വന്തം കാറിൽ പുതിയകാവ് ഗവ. ആയുർവേദ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ചെയ്ത് 10.15ന് മടങ്ങി
 10 ന് യൂബർ ടാക്‌സിയിൽ വീട്ടിൽ നിന്ന് 11.57ന് ഇറങ്ങി 12.30ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ എത്തി. നാലു വരെ അവിടെ തങ്ങി.
 വൈകിട്ട് 4.50 ന് ഡ്രീംസ് ഹോട്ടലിൽ. 5.30ന് മടങ്ങി
 6.15ന് ഓട്ടോ വിളിച്ച് തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലെ വില്ലയിലെത്തി
 7.30ന് അബാദ് ന്യൂക്ലിയസ് മാളിലെ മാക്‌സ് സ്‌റ്റോർ സന്ദർശിച്ചു
 11-ാം തീയതി റിനൈ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ വീണ്ടും പരിശോധിച്ച് രാവിലെ 9.05ന് മടങ്ങി.