കൊച്ചി: വഴിപാടുമില്ല, കാണിക്കയുമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങി നിൽക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്. ഭഗവാന് നിത്യനിദാനം വരെ കഷ്ടി. സർക്കാർസഹായം കൊണ്ടാണ് ശമ്പളംപോലും കൊടുക്കുന്നത്.
ഇതിനിടെയാണ് ദേവസ്വം സ്പെഷ്യൽ കമ്മിഷണറുടെ ശമ്പളം വർദ്ധിപ്പിക്കാനും കുടിശിക നൽകാനും ബോർഡ് തീരുമാനിച്ചത് ജീവനക്കാരിലാകെ പ്രതിഷേധച്ചൂട് പടർത്തി.
ശമ്പളവർദ്ധനവും പെൻഷൻ കുടിശികയും മറ്റും ബാക്കി നിൽക്കേയാണ് കമ്മിഷണറോട് ഉദാരമനസ്. സെപ്തംബറിലെ ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ബോർഡ് ഉദ്യോഗസ്ഥരിലെ ഏറ്റവും ഉയർന്ന തസ്തികയാണ് സ്പെഷ്യൽ കമ്മിഷണർ. കീഴ്ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാതെ ഇവർ സ്വന്തം കാര്യം നോക്കിയെന്നാണ് പരിഭവം.
സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയായ എൻ. ജ്യോതി ഡെപ്യൂട്ടേഷനിലാണ് മൂന്ന് വർഷം മുമ്പ് സ്പെഷ്യൽ കമ്മിഷണറായി എത്തിയത്. സർക്കാർ നിരക്കിലെ ശമ്പളം നൽകേണ്ടി വരുന്നതിനാൽ ദേവസ്വം ജീവനക്കാരേക്കാൾ ഇരട്ടി ശമ്പളവും ആനുകൂല്യങ്ങളും ഡെപ്യൂട്ടേഷൻകാർക്കുണ്ട്. കാറും ഡ്രൈവറും ക്വാർട്ടേഴ്സും പുറമേ.
ദേവസ്വം ബോർഡിലെ മുതിർന്ന ജീവനക്കാരിൽ ഒരാളെ പ്രൊമോഷൻ നൽകി നിയമിച്ചാൽ മാസം ഏറിയാൽ 15,000 രൂപ അധികചെലവുവരേണ്ട സ്ഥാനത്താണ് സ്പെഷ്യൽ കമ്മിഷണറെ ഡെപ്യൂട്ടേഷനിൽ നിയമിച്ച് രണ്ട് ലക്ഷത്തിലേറെ രൂപ ബോർഡ് ചെലവാക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഡെപ്യൂട്ടേഷൻ നിയമനം വേണ്ടെന്ന് വയ്ക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് നേരത്തേ തീരുമാനിച്ചിരുന്നതാണ്. ബോർഡിലെ ജീവനക്കാരുടെ പ്രാപ്തിക്കുറവ് കൊണ്ട് 1990കളിലാണ് സ്പെഷ്യൽ കമ്മിഷണർമാരെ വയ്ക്കാൻ തീരുമാനിച്ചത്. പുതിയ തലമുറ വന്നിട്ടും ആ ആചാരം തുടരുകയാണ്. സ്ഥലംമാറ്റം ഇല്ലാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരിലെ സ്വാധീനശേഷിയുള്ളവർ നാട്ടിലെത്തി സേവിക്കാൻ ഈ പദവി തരപ്പെടുത്തുന്ന പതിവുമുണ്ട്.
പ്രതിഷേധാർഹം
ഒരാൾക്ക് മാത്രമുള്ള ശമ്പള പരിഷ്കാരം പ്രതിഷേധാർഹം. കൊവിഡുകാലത്ത് സഹകരിച്ച ജീവനക്കാർ വഞ്ചിക്കപ്പെട്ടു. ക്ഷേത്രജീവനക്കാരോടുള്ള വിവേചനത്തിന്റെ അവസാന സംഭവമാണിത്.
പ്രശാന്ത് ആർ. നായർ
ജനറൽ സെക്രട്ടറി
കൊച്ചിൻ ദേവസ്വം എംപ്ളോയീസ് കോൺഗ്രസ്
ജീവനക്കാർ വഞ്ചിക്കപ്പെട്ടു
ക്ഷേത്രങ്ങളിൽ നിന്നാണ് ബോർഡിന് മുഖ്യവരുമാനം. അതിന് വേണ്ടി പ്രയത്നിക്കുന്ന, കൊവിഡ് കാലത്തുപോലും മുടക്കമില്ലാതെ ജോലി ചെയ്തവരെ വഞ്ചിച്ചു. ജീവനക്കാരെ ബോർഡ് ഒന്നായി കാണണം.
പി.ബാലകൃഷ്ണൻ, പ്രസിഡന്റ്
കൊച്ചിൻ ദേവസ്വം കാർമ്മിക് സംഘം.
ഞങ്ങൾക്കും വേണം
ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനാൽ മുഴുവൻ ജീവനക്കാർക്കും ശമ്പള പരിഷ്കരണം നടപ്പാക്കണം. ലീവ് സറണ്ടർ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം.
പ്രസിഡന്റ്
കൊച്ചിൻ ദേവസ്വം എംപ്ളോയീസ് ഓർഗനൈസേഷൻ