കളമശേരി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടി.സി.സിയുടെ മൂന്നു പുതിയ പദ്ധതികളായ 75 ടി.പി.ഡി.കോസ്റ്റിക് സോഡാ പ്ലാന്റ് , ഫ്ളോട്ടിംഗ് ജെട്ടി, ബോയിലറിലേക്ക് ആർ.- എൽ.എൻ.ജി ഇന്ധനത്തിന്റെ കമ്മീഷണിംഗ് എന്നിവ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഇന്ന് ഉദ്ഘാടനം ചെയ്യും.
പ്രതിദിന കോസ്റ്റിക് സോഡാ ഉത്പാദനം 175 മെട്രിക് ടണ്ണിൽ നിന്ന് 250 മെട്രിക് ടണ്ണായി വർദ്ധിക്കും. ഈ പദ്ധതി കൊണ്ട് ഊർജ്ജ ഉപയോഗം ഒരു മെട്രിക് ടൺ കോസ്റ്റിക് സോഡാ ഉത്പാദനത്തിന് ഏകദേശം 2000 യൂണിറ്റ് വൈദ്യുതി എന്ന നിലയിലേക്ക് കുറയും. ഉത്പാദനശേഷി കൂട്ടുന്നതിനുള്ള പുതിയ പദ്ധതികളും എൽ.എൻ.ജി യിലേക്ക് മാറുന്നതിനുമുള്ള പദ്ധതി സർക്കാർ സഹായമില്ലാതെയാണ് നടപ്പിലാക്കുന്നത്.
ഫ്ളോട്ടിംഗ് ജെട്ടി ഉദ്ഘാടനത്തോടെ ഹൈഡ്രോക്ലോറിക് ആസിഡ് പോലുള്ള ഉൽപന്നങ്ങൾ കൊല്ലo, ചവറയിലുള്ള കെ.എം.എം.എൽ പോലുള്ള ഉപഭോക്താക്കൾക്ക് ഉൾനാടൻ ജലപാതയിലൂടെ കൊണ്ടുപോകാൻ കഴിയും.