
കൊച്ചി: കൊച്ചി - മംഗളൂരു പ്രകൃതിവാതക (എൽ.എൻ.ജി) പൈപ്പ് ലൈനിൽ കാസർകോട് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള കുപ്പിക്കഴുത്ത് നീങ്ങി. വ്യാസംകുറഞ്ഞ പൈപ്പിനുപകരം വലുത് സ്ഥാപിച്ചു. ക്രിസ്‌മസ് ദിനത്തിൽ പുതിയ പൈപ്പ്ലൈനിലൂടെ എൽ.പി.ജി പൂർണശേഷിയിൽ ഒഴുകിത്തുടങ്ങും.
പുതുവൈപ്പിനിലെ ഇറക്കുമതി ടെർമിനലിൽ നിന്ന് 24 ഇഞ്ച് പൈപ്പ്ലൈൻ സ്ഥാപിച്ചാണ് എൽ.എൻ.ജി മംഗളൂരുവരെ എത്തിക്കുന്നത്. ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ പാറ തുരക്കുന്നതിന് തടസം നേരിട്ടതിനാൽ ആറിഞ്ച് വ്യാസമുള്ള പൈപ്പാണ് സ്ഥാപിച്ചിരുന്നത്. കുപ്പിക്കഴുത്തുപോലെ പൈപ്പ് നിന്നതിനാൽ പൂർണതോതിൽ എൽ.എൻ.ജി പമ്പ് ചെയ്ത് മംഗളൂരുവിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
350 മീറ്റർ നീളത്തിൽ പുതിയ ടണൽ നിർമ്മിച്ചാണ് 24 ഇഞ്ചിന്റെ പൈപ്പ് സ്ഥാപിച്ചത്. പുഴയ്ക്ക് കുറുകെ സ്ഥാപിച്ച പൈപ്പ് ഇരു കരകളിലും 24 ഇഞ്ച് പൈപ്പുമായി ബന്ധിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. 24നകം ജോലിപൂർത്തിയാക്കി 25ന് പൂർണമായി വലിയ പൈപ്പിലേക്ക് മാറ്റുമെന്ന് ഗെയിൽ ജനറൽ മാനേജർ ജോസ് തോമസ് പറഞ്ഞു.
നിലവിൽ പ്രതിദിനം 1.7 ദശലക്ഷം യൂണിറ്റ് എൽ.എൻ.ജിയാണ് പൈപ്പിലൂടെ കടത്തിവിടുന്നത്. 24 ഇഞ്ച് പൈപ്പ്ലൈൻ വരുന്നതോടെ 12 ദശലക്ഷം യൂണിറ്റായി ഉയർത്തും.
മംഗളൂരുവിലും സിറ്റിഗ്യാസ് പദ്ധതി ആരംഭിച്ചു. കൊച്ചിയിൽ നിന്നെത്തുന്ന എൽ.എൻ.ജി ഉപയോഗിച്ച് ഗെയിൽ നേരിട്ടാണ് നൽകുന്നത്. ഗാർഹിക കണക്‌ഷനുകളുൾപ്പെടെ നൽകിത്തുടങ്ങി.
ജനുവരിയിൽ കണ്ണൂരിൽ
മലബാറിൽ ആദ്യത്തെ സിറ്റി ഗ്യാസ് വിതരണം ജനുവരിയിൽ കണ്ണൂരിൽ ആരംഭിക്കും. വീടുകളിലും സ്ഥാപനങ്ങളിലും പാചകവാതകം എത്തിക്കും. കൊച്ചി -മംഗളൂരു എൽ.എൻ.ജി പൈപ്പ് ലൈനിൽ നിന്നാണ് സിറ്റിഗ്യാസിന് ഉപലൈൻ നൽകുന്നത്. അദാനി ഐ.ഒ.സി ഗ്യാസ് ലിമിറ്റഡാണ് വിതരണക്കാർ. കണ്ണൂരിലെ ഇവരുടെ സബ്സ്റ്റേഷനിലേക്ക് എൽ.എൻ.ജി നൽകാനുള്ള നടപടികൾ പൂർത്തിയായി.
പാലക്കാട്ടും ജനുവരിയിൽ സിറ്റിഗ്യാസ് നൽകാൻ ശ്രമം തുടരുകയാണ്. തൃശൂർ- കോയമ്പത്തൂർ പൈപ്പ്ലൈനിൽ നിന്നാണ് പാലക്കാട്ട് വിതരണം ചെയ്യുന്നത്. സബ് സ്റ്റേഷനുൾപ്പെടെ നിർമ്മിച്ചെങ്കിലും അന്തിമാനുമതി ലഭിച്ചിട്ടില്ല.